കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിട്ടെന്ന് പോലിസ്

എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പോലിസ് പറയുന്നു.

Update: 2019-07-28 10:03 GMT

കൊച്ചി: ‍ഡിഐജി ഓഫീസ് മാർച്ച് സിപിഐ നേതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ് സിപിഐക്ക് അകത്ത് വലിയ കോളിളക്കങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് സിപിഐ നേതാക്കൾക്കെതിരേ പോലിസ് കേസ് ചുമത്തിയിരിക്കുന്നത്. ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എൽദോ എബ്രഹാം എംഎൽഎ രണ്ടാം പ്രതിയുമായാണ് കേസ്.

കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്ഐആര്‍. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പോലിസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നശിപ്പിച്ചതിനും കേസുണ്ട്.

കരുതിക്കൂട്ടി ഉണ്ടാക്കിയ തെളിവുകൾ പോലിസ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു. ലാത്തിച്ചാര്‍ജ്ജ് വിവാദത്തിൽ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും.അതേസമയം സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്​ മുന്നിൽ പോസ്​റ്റർ പതിച്ച സംഭവത്തിൽ നിയമം നിയമത്തിൻെറ വഴിക്ക്​ നീങ്ങുമെന്ന്​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോസ്​റ്റർ പതിച്ചത്​ ​പാർട്ടി ബോധമില്ലാത്തവരാണെന്നും കാനം പറഞ്ഞു. പോസ്​റ്റർ പതിച്ച സംഭവത്തിൽ രണ്ട്​ എ.ഐ.വൈ.എഫ്​ പ്രവർത്തകരെ നേരത്തെ കസ്​റ്റഡിയിലെടുത്തിരുന്നു. 

Tags:    

Similar News