സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

Update: 2023-12-08 13:08 GMT

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്നിരുന്നു. പ്രമേഹം കാരണം കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10നാണ് ജനനം. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.

    സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയായത്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 2015 ല്‍ കോട്ടയം സംസ്ഥാനസമ്മേളനത്തിലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കാനം പിന്നീട് 1970ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1970 ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് എന്‍ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. എംഎന്‍, സി അച്യുതമേനോന്‍, ടി വി തോമസ്, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയിലെ ഉന്നത സ്ഥാനത്തെത്താന്‍ സഹായിച്ചത്. 1970 ല്‍ കേരള സ്‌റ്റേറ്റ് ട്രേഡ് യൂനിയന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി, എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1982 ല്‍ വാഴൂരില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി സര്‍വേശ്വരന്‍.

Tags:    

Similar News