ആര്‍എസ്എസ്സിനെതിരേ ബാനര്‍ കെട്ടാന്‍ ശ്രമിച്ചതിന് മതസ്പര്‍ദ്ധാ കേസ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പിള്ളിയിലും ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിച്ച് സ്വമേധയാ കടകള്‍ അടച്ചവര്‍ക്കെതിരേയും പോലിസ് മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാരോപിച്ച് കേസെടുത്തിരുന്നു.

Update: 2020-02-03 18:00 GMT

ബാലരാമപുരം: പൗരത്വ സമരവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്ന ബാനര്‍ കെട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത ബാലരാമപുരം പോലിസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി 29ന് ബാലരാമപുരം ജങ്ഷനില്‍ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിനെതിരേയാണ് ഒരു സംഘം യുവാക്കള്‍ ബാനര്‍ കെട്ടാന്‍ ശ്രമിച്ചത്. 'ഗുജറാത്തല്ല ഇത് കേരളമാണ്, ഷൂ നക്കരുത്' എന്ന തലക്കെട്ടിലുള്ള ബാനര്‍ കെട്ടാനാണ് ശ്രമിച്ചത്.

എന്നാല്‍ പോലിസ് ഇടപ്പെട്ട് തടഞ്ഞതിനാല്‍ ബാനര്‍ കെട്ടിയിരുന്നില്ല. എന്നിട്ടും പോലിസ് ഇതിനെതിരെ കടുത്ത വകുപ്പ് ചുമത്തി കേസടുത്ത് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ബാലരാമപുരം ലക്ഷം വീട്ടില്‍ ഷെമീര്‍, ഐത്തിയൂര്‍ ഫാത്തിമ മന്‍സിലില്‍ സിയാദ് എന്നിവരെയാണ് ബാലരാമപുരം പോലിസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ആര്‍എസ്എസ്സിനെതിരേ ബാനര്‍ കെട്ടുന്നത് എങ്ങിനേയാണ് മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന് വ്യക്തമാക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും എതിരായ നീക്കങ്ങളെ പിണറായിയുടെ പോലിസ് അടിച്ചമര്‍ത്തുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പിള്ളിയിലും ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിച്ച് സ്വമേധയാ കടകള്‍ അടച്ചവര്‍ക്കെതിരേയും പോലിസ് മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാരോപിച്ച് കേസെടുത്തിരുന്നു. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പൗണ്ടില്‍ ബിജെപി സംഘടിപ്പിച്ച ജനജാഗരണ സദസ്സ് ബഹിഷ്‌കരിച്ച 23 വ്യാപാരികള്‍ക്കെതിരേയാണ് വരന്തരപ്പിള്ളി പോലിസ് കേസെടുത്തത്. കഴിഞ്ഞ 24നായിരുന്നു ജനജാഗരണ സദസ്സ്. കട ഉടമകളുടെ നടപടി മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതെന്ന് ആരോപിച്ചാണ് പോലിസ് കേസെടുത്തത്. പോലിസ് നടപടിക്കെതിരേ വ്യാപാരികള്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്.




Tags:    

Similar News