യുപി തദ്ദേശ തിരഞ്ഞെടുപ്പ്: ഹൈന്ദവ പുണ്യനഗരങ്ങള്‍ ബിജെപിയെ കൈവിട്ടു

അയോധ്യ, മഥുര, വാരണസി എന്നിവിടങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

Update: 2021-05-05 02:47 GMT

ലഖ്നൗ: ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹൈന്ദവ പുണ്യനഗരങ്ങള്‍ ബിജെപിയെ കൈവിട്ടു. അയോധ്യ, വാരണസി, മഥുര എന്നിവിടങ്ങളിലാണ് ഹിന്ദുത്വവാദികള്‍ക്ക് ഹൈന്ദവവിശ്വാസികള്‍ കനത്ത തിരിച്ചടി നല്‍കിയത്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ ഇവിടങ്ങളില്‍ യോഗി ആദിത്യനാഥ് ഭരണകൂടം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹൈന്ദവവിശ്വാസികളെ ചൂഷണം ചെയ്യുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും അടിതെറ്റി.

    അയോധ്യയിലും വാരണസിയിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തലുള്ള സമാജ് വാദി പാര്‍ട്ടി മികച്ച ജയം നേടിയപ്പോള്‍ മഥുരയില്‍ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആര്‍എല്‍ഡിയുമാണ് നേട്ടംകൊയ്തത്. ബാബരി മസ്ജിദ് വിഷയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് അയോധ്യ.

    40 സീറ്റുള്ള അയോധ്യ ജില്ലാ പഞ്ചായത്തില്‍ 24 സീറ്റുകള്‍ നേടി എസ്പി തൂത്തുവാരി. ബിജെപി വെറും ആറു സീറ്റിലൊതുങ്ങി. ബാക്കി സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്. സുപ്രിംകോടതി അന്യായ വിധിയിലൂടെ അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ സംഘപരിവാരം അടുത്തതായി ഉയര്‍ത്തിക്കാട്ടുന്നതാണ് മഥുര. ഇവിടുത്തെ ഗ്യാന്‍ വാപി മസ്ജിദിനു നേരെയും ആക്രോശമുയര്‍ത്തുകയും ബാബരിയുടെ വഴിയേ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. മഥുരയില്‍ ബിജെപിക്ക് എട്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ബിഎസ്പി 12, ആര്‍എല്‍ഡി 9, എസ്പി 1 എന്നിങ്ങനെയാണ് സീറ്റ് നില. മഥുരയില്‍ മൂന്ന് സ്വതന്ത്രര്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി.

    പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളില്‍ എട്ടിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഇവിടെ സമാജ് വാദി പാര്‍ട്ടി 14, ബിഎസ്പി 5, അപ്നാദള്‍ (എസ്) 3, ആം ആദ്മി പാര്‍ട്ടി 1 സീറ്റുകള്‍ നേടി.

    അതേസമയം, ഉത്തര്‍പ്രദേശിലെ ആകെ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ തങ്ങളാണ് മുന്നിലെന്ന് ബിജെപിയും എസ്പിയും അവകാശവാദം ഉന്നയിച്ചു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് രണ്ടു മുതല്‍ ആരംഭിച്ചെങ്കിലും പലയിടത്തും ഇപ്പോഴും നടക്കുകയാണ്. ഇതുവരെ 2.32 ലക്ഷം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, 38,317 ഗ്രാമപഞ്ചായത്ത് തലവന്‍മാര്‍, 55,925 ക്ഷത്ര പഞ്ചായത്ത് അംഗങ്ങള്‍, 181 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യോഗിയുടെ തട്ടകമായ പ്രയാഗ് രാജിലും ഗോരഖ്പൂരിലും ഉള്‍പ്പെടെ ബിജെപിക്കുണ്ടായ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഘാതമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Panchayat Poll Results In Ayodhya, Mathura Red Flag For BJP

Tags:    

Similar News