ഓക്‌സിജന്‍ മിനിമം സോണ്‍ പ്രതിഭാസം അറബിക്കടലില്‍ കൂടുന്നു; കടല്‍ മല്‍സ്യസമ്പത്തിന് വന്‍ ഭീഷണി

കടലിലെ മല്‍സ്യസമ്പത്തിനെ അപകടകരമാം വിധം ഇല്ലാതാക്കുന്ന ഈ പ്രതിഭാസം ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരക്കെ വര്‍ധിച്ചുവരികയാണ്. ഓക്‌സിജന്‍ മിനിമം സോണ്‍ പ്രതിഭാസത്തിന് കാരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാസവള മാലിന്യമാണെന്നും ഇന്ത്യയാണ് അതിന് പ്രധാന ഉത്തരവാദിയെന്നുമാണ് ആഗോള ശാസ്ത്രസമൂഹം കുറ്റപ്പെടുത്തുന്നത്.

Update: 2019-01-17 10:00 GMT

കൊച്ചി: ഓക്‌സിജന്റെ കുറവ് മൂലം കടലിന്റെ ഒരു പ്രത്യേക പ്രദേശം മുഴുവന്‍ നിര്‍ജീവ അവസ്ഥയിലാകുന്ന ഓക്‌സിജന്‍ മിനിമം സോണ്‍ പ്രതിഭാസം അറബിക്കടിലിലും ബംഗാള്‍ ഉള്‍ക്കടലിലും വര്‍ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് (ഇന്‍കോയിസ്) ഡയറക്ടര്‍ സതീഷ് സി ഷേണായി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ജൈവ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ സമുദ്ര പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടു ദിവസത്തെ ദേശിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.സതീഷ് സി.ഷേണായി. കടലിലെ മല്‍സ്യസമ്പത്തിനെ അപകടകരമാം വിധം ഇല്ലാതാക്കുന്ന ഈ പ്രതിഭാസം ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരക്കെ വര്‍ധിച്ചുവരികയാണ്. ഓക്‌സിജന്‍ മിനിമം സോണ്‍ പ്രതിഭാസത്തിന് കാരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാസവള മാലിന്യമാണെന്നും ഇന്ത്യയാണ് അതിന് പ്രധാന ഉത്തരവാദിയെന്നുമാണ് ആഗോള ശാസ്ത്രസമൂഹം കുറ്റപ്പെടുത്തുന്നത്. ഇന്ത്യ നിക്ഷേധിക്കുന്നുണ്ടെങ്കിലും അത് അങ്ങിനെ അല്ലെന്ന് തെളിയാക്കാന്‍ ഉതകുന്ന പഠനങ്ങളൊന്നും നമ്മുടെ ശാസ്ത്ര ഗവേഷണ സ്ഥാപങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് ഡോ.സതീഷ് സി.ഷേണായി പറഞ്ഞു. ഈ കുറവ് പരിഹരിക്കാനായി ഇന്ത്യ മഹാസുദ്രത്തിന്റെ ഇന്ത്യന്‍ മേഖലയില്‍ ബയോ ജിയോ കെമിസ്ട്രി പഠനങ്ങള്‍ ഇന്‍കോയിസ് ഉടനെ ആരംഭിക്കുമെന്നും ഡോ.സതീഷ് ഷേണായി പറഞ്ഞു. ഓക്‌സിജന്റെ പ്രധാന ഉല്‍പാദന കേന്ദ്രങ്ങള്‍ സമുദ്രങ്ങള്‍ ആണെന്നും ജൈവഘടനയിലുണ്ടാകുന്ന മാറ്റത്തെ തുടര്‍ന്ന് സമുദ്രങ്ങളുടെ ഓക്‌സിജന്‍ ഉല്‍പാദന ക്ഷമത കുറയുന്നത് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കോണ്‍ഫറസില്‍ അധ്യക്ഷത വഹിച്ച കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ പ്രതിദിനം 550 ലിറ്റര്‍ ഓക്‌സിജന്‍ ശ്വസിക്കുന്നു എന്നാണ് ശാസ്ത്രീയപഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. 2.75 ലിറ്റര്‍ ഓക്‌സിജന്റെ ഇന്ത്യന്‍ വിപണിയിലെ വില 6500 രൂപയാണ്. അതായത് വിപണി മൂല്യം അനുസരിച്ച് ശരാശരി 13 ലക്ഷം രൂപയുടെ ഓക്‌സിജന്‍ ആണ് നമ്മള്‍ ഓരോരുത്തരും ഒരു ദിവസം ശ്വസിക്കുന്നത്. ഓക്‌സിജന്‍ ഉല്‍പാദന കേന്ദ്രങ്ങളായ സമുദ്രങ്ങളുടെ വാണിജ്യമൂല്യം അവയില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങളുടേത് മാത്രല്ലെന്നും ഡോ.രാമചന്ദ്രന്‍ പറഞ്ഞു.ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍കോയിസും കുഫോസും സംയുക്തമായാണ് രണ്ടു ദിവസത്തെ ദേശിയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.



Tags:    

Similar News