പ്രതിഷേധത്തിനൊടുവില്‍ 49 ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരേയുള്ള രാജ്യദ്രോഹക്കേസ് പോലിസ് പിന്‍വലിച്ചു

മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്‍പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടത്. പരാതിക്കാരന്‍ മതിയായ തെളിവില്ലാതെയാണ് പരാതി നല്‍കിയതെന്നും പോലിസ് പറഞ്ഞു.

Update: 2019-10-09 16:03 GMT

പട്ന: വർധിച്ചുവരുന്ന അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പ്രതിഷേധത്തിനൊടുവിൽ ബിഹാര്‍ പോലിസ് പിന്‍വലിച്ചു. മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്‍പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടത്. പരാതിക്കാരന്‍ മതിയായ തെളിവില്ലാതെയാണ് പരാതി നല്‍കിയതെന്നും പോലിസ് പറഞ്ഞു.

സുധീര്‍ കുമാര്‍ ഓജയുടെ പരാതിയെതുടര്‍ന്നാണ് സാദര്‍ പോലിസ് സ്റ്റേഷനില്‍ 49 ചലച്ചിത്ര പ്രവർത്തകർക്കെതിരേ ഒക്ടോബർ 3 ന് കേസെടുത്തിരുന്നത്. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്.

അതേസമയം പരാതി ഉന്നയിച്ച അഭിഭാഷകനെതിരേ കേസെടുത്തിട്ടുണ്ട്. തെറ്റായ പ്രചാരണത്തിനും അപകീർത്തിപ്പെടുത്തിയതിനും പരാതിക്കാരനെതിരേ കേസ് ഫയൽ ചെയ്ത് നടപടി സ്വീകരിച്ചതായാണ് പോലിസ് പറയുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അന്തിമ റിപ്പോർട്ട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രാദേശിക കോടതിയിൽ സമർപ്പിക്കുമെന്നും എസ്എസ്‍പി മനോജ് കുമാര്‍ സിന്‍ഹ പറഞ്ഞു. 

രാജ്യത്തിന്‍റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിൽ നിന്നടക്കം ലക്ഷക്കണക്കിന് കത്തുകളാണ് പ്രതിഷേധ സൂചകമായി അയച്ചത്. 


Tags:    

Similar News