രാമചന്ദ്ര ഗുഹയെ അര്‍ബന്‍ നക്‌സലെന്ന് വിശേഷിപ്പിച്ച് കര്‍ണാടക ബിജെപി പുതിയ വിവാദത്തില്‍

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന രാമചന്ദ്ര ഗുഹയെ പോലിസ് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കര്‍ണാടക ബിജെപി അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

Update: 2019-12-21 14:51 GMT

ബംഗളൂരു: ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ അര്‍ബന്‍ നക്‌സലെന്ന് വിശേഷിപ്പിച്ച് കര്‍ണാടക ബിജെപി പുതിയ വിവാദത്തില്‍. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് ബിജെപി കര്‍ണാടക ഘടകം രാമചന്ദ്ര ഗുഹയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.

ചോദ്യോത്തര രൂപേണയാണ് ഗുഹയ്‌ക്കെതിരെയുള്ള ബിജെപിയുടെ ട്വീറ്റ്. ആരാണ് നീ എന്ന ചോദ്യത്തിന് ഞാന്‍ രാമചന്ദ്ര ഗുഹ,അര്‍ബന്‍ നക്‌സലൈറ്റ് എന്ന് ഉത്തരം നൽകിയാണ് ട്വീറ്റ് തുടങ്ങുന്നത്. സാധാരണ മനുഷ്യന് പൂര്‍ണമായും അജ്ഞാതമായ ഇരുണ്ട ലോകത്തെ നിയന്ത്രിക്കുന്നു. നേതാവിന്റെ നിര്‍ദ്ദേശപ്രകാരം അക്രമത്തെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന അവര്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. ഇതായിരുന്നു രാമചന്ദ്ര ഗുഹയെ ടാഗ് ചെയ്തുകൊണ്ടുള്ള ബിജെപി ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന വീഡിയോയും ബിജെപി ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തു.

ദേശീയ പൗരത്വ ഭേദഗതിയ്‌ക്കെതിരെ ബംഗളൂരുവിലെ ടൗണ്‍ഹാളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി രാമചന്ദ്ര ഗുഹ എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ രാമചന്ദ്ര ഗുഹയെ പോലിസ് കസ്റ്റഡിയിലെടുത്തത് വന്‍ പ്രതിഷേധത്തിനിടയാക്കി.

ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണെന്ന് വ്യക്തമാക്കി കൊണ്ട് സമാധാനപരമായി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന രാമചന്ദ്ര ഗുഹയെ പോലിസ് കസ്റ്റഡിയിലെടുക്കുന്നതും ഗുഹ പോലിസുകാരോട് തര്‍ക്കിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കര്‍ണാടക ബിജെപി അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. 

Tags:    

Similar News