യുപിയിൽ പശുപ്പേടി; യോഗി പ്രഖ്യാപിച്ച പശു പുനരധിവാസ പദ്ധതി പരാജയം

ഗ്രാമങ്ങളിൽ വലിയ തോതിലുള്ള പരസ്യം നൽകിയിട്ടും, കാലിത്തീറ്റയിനത്തിൽ പ്രതിമാസം 900 രൂപയുടെ പ്രഖ്യാപിച്ചിട്ടും പദ്ധതിയോടുള്ള ആളുകളുടെ പ്രതികരണം വളരെ മോശമാണ്.

Update: 2019-10-14 13:12 GMT

ലഖ്നോ: ഏറെ കൊട്ടിഘോഷിച്ച് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച പശു പുനരധിവാസ പദ്ധതി പരാജയം. സംസ്ഥാനത്ത് അലഞ്ഞു തിരിയുന്ന പശുക്കളെ പുനരധിവസിപ്പിക്കാനുള്ള ദത്തെടുക്കല്‍ പദ്ധതി കഴിഞ്ഞ ആഗസ്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യപിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം പശുക്കളുടെ പുനരധിവാസം സാധ്യമാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ വെറും പതിനായിരത്തിൽ താഴെ പശുക്കളെ മാത്രമാണ് ജനങ്ങൾ ദത്തെടുത്തിട്ടുള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം വളരെ കുറവാണെന്നാണ് പേരു വെളിപ്പെടുത്താനാവാത്ത ഉദ്യോ​ഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ഗ്രാമങ്ങളിൽ വലിയ തോതിലുള്ള പരസ്യം നൽകിയിട്ടും, കാലിത്തീറ്റയിനത്തിൽ പ്രതിമാസം 900 രൂപ പ്രഖ്യാപിച്ചിട്ടും പദ്ധതിയോടുള്ള ആളുകളുടെ പ്രതികരണം വളരെ മോശമാണ്. പതിനായിരം പശുക്കളെ ഇതുവരെ ദത്തെടുത്തിട്ടില്ല. എല്ലാ മാസവും 900 രൂപ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.

അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾ സംസ്ഥാനത്ത് വ്യാപകമായതോടെയാണ് യോ​ഗി സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നത്. കണക്കു പ്രകാരം ഇത്തരത്തില്‍ 4 ലക്ഷത്തില്‍ പരം പശുക്കളാണ് സര്‍ക്കാരിന്റെ വിവധ ഷെല്‍ട്ടറുകളിലുള്ളത്. പശുക്കള്‍ തങ്ങളുടെ വിളകള്‍ നശിപ്പിക്കുന്നുവെന്ന് യുപിയിലെ കര്‍ഷകര്‍ വ്യാപകമായി പരാതി ഉയര്‍ത്തിയിരുന്നു.

ഇതിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനായി ഗോ സേവാ ആയോഗ് പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ച പ്രതിദിനം 30 രൂപ പശുക്കളുടെ പരിപാലനത്തിന് അപര്യാപ്തമാണെന്നാണ് ഗോ സേവാ ആയോഗ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 

Tags:    

Similar News