പൗരത്വ പ്രക്ഷോഭം: ഗുവാഹത്തി ഐ‌ഐ‌ടി പ്രൊഫസറെ എൻ‌ഐ‌എ വേട്ടയാടുന്നു

അതേസമയം അരുപ്ജ്യോതി സൈകിയയെ സ്വതന്ത്രമായി തുടരാൻ അനുവദിക്കണമെന്ന് അക്കാദമിക് വിദഗ്ധർ ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു.

Update: 2020-02-02 14:12 GMT

ഗുവാഹത്തി: പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ഐ‌ഐ‌ടി പ്രൊഫസറെ എൻ‌ഐ‌എ വേട്ടയാടുന്നു. ഗുവാഹത്തി ഐഐടിയിലെ പ്രഫസർ അരുപ്ജ്യോതി സൈകിയയെ ശനിയാഴ്ച സോനാപൂരിലെ എൻ‌ഐ‌എ ഓഫീസിൽ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സൈകിയയെ എൻ‌ഐ‌എ ചോദ്യം ചെയ്തതെന്ന് ദി ഹിന്ദു റിപോർട്ട് ചെയ്യുന്നു.

ഗുവാഹത്തി ഐഐടിയിൽ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ ചരിത്ര അധ്യാപകനാണ് അരുപ്ജ്യോതി സൈകിയ. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തെ സാക്ഷിയായി വിളിപ്പിച്ചതായി ഐഐടി വക്താവ് സ്ഥിരീകരിച്ചു. ആറ് പേർ സൈന്യത്തിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിൽ ഒരു അക്കാദമിഷ്യൻ പ്രധാന പങ്കുവഹിച്ചുവെന്നതിന് സർക്കാരിന് തെളിവുണ്ടെന്ന് ഡിസംബറിൽ അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചിരുന്നു.

ആധുനിക ആസാമിന്റെ സാമ്പത്തിക, പാരിസ്ഥിതിക, രാഷ്ട്രീയ ചരിത്രമാണ് പ്രൊഫസർ സൈകിയയുടെ ഗവേഷണ മേഖല. ദി അൺക്വയറ്റ് റിവർ: എ ബയോഗ്രഫി ഓഫ് ബ്രഹ്മപുത്ര, ജിയോഗ്രാഫിക്കൽ എക്സ്പ്ലോറേഷൻ ആൻഡ് ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ: ജോൺ പീറ്റർ വേഡ് ഇൻ അസം എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതാണ്.

അതേസമയം അരുപ്ജ്യോതി സൈകിയയെ സ്വതന്ത്രമായി തുടരാൻ അനുവദിക്കണമെന്ന് ഒരു കൂട്ടം അക്കാദമിക് വിദഗ്ധർ ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു. പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ, പ്രഫസർമാരായ പാർത്ത ചാറ്റർജി, പ്രതാപ് ഭാനു മേത്ത, നന്ദിനി സുന്ദർ, നിവേദിത മേനോൻ, എ ആർ വെങ്കടാചലപതി, ശ്രീനാഥ് രാഘവൻ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയുമായി രം​ഗത്തുവന്നത്.

എൻഐഎ അന്വേഷണസംഘം അധ്യാപകനെ ഭീഷണിപ്പെടുത്തുന്നത് വളരെയധികം വിഷമിപ്പിക്കുന്നതാണ്. എൻ‌ഐ‌എ അദ്ദേഹത്തോട് അർഹിക്കുന്ന ബഹുമാനത്തോടെ പെരുമാറണമെന്നും അദ്ദേഹത്തിന്റെ ജോലി തടസ്സമില്ലാതെ തുടരാൻ അനുവദിക്കണം. പ്രഫസർ സൈകിയ അദ്ദേഹത്തിന്റെ ജന്മനാടായ അസമിൽ വളരെയധികം പ്രശംസിക്കപ്പെടുന്ന വ്യക്തിത്വമാണെന്ന് പ്രസ്താവനയിൽ പറയുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടക്കം ഡിസംബർ ആദ്യവാരം അസമിലാണ് ആരംഭിച്ചത്.

Tags:    

Similar News