മുത്തലാഖ് നിയമത്തെ ചോദ്യം ചെയ്ത് സമസ്ത സുപ്രിംകോടതിയില്‍

നിയമത്തെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Update: 2019-08-02 16:08 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ മുത്തലാഖ് വഴിയുള്ള തല്‍ക്ഷണ വിവാഹമോചനം കുറ്റകരമാക്കുന്ന 2019ലെ മുസ്‌ലിം വനിത (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമത്തെ ചോദ്യം ചെയ്തു സുപ്രിംകോടതിയില്‍ ഹരജി. 2019ലെ മുസ്‌ലിം വനിതാ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ച് നിയമമായതിനു പിന്നാലെയാണ് കേരളത്തിലെ സുന്നി മുസ്‌ലിംകളുടെ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. നിയമത്തെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് വേണ്ടി അഡ്വ. പി എസ് സുല്‍ഫീക്കര്‍ അലി ആണ് ഹരജി ഫയല്‍ ചെയ്തത്.ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്റ്റിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.നേരത്തെ ഇന്ത്യന്‍ രാഷ്ട്രപതി പുറപ്പെടുവിച്ച മുത്തലാഖ് ഓര്‍ഡിനന്‍സുകള്‍ക്കെതിരേ രണ്ട് തവണ സമസ്ത സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സമസ്തക്ക് കീഴിലുള്ള യുവജന വിഭാഗമായ എസ്‌വൈഎസ് പത്ത് ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് മുമ്പാകെ ഭീമഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ സുപ്രിം കോടതിയില്‍ ഹാജരാവും.

ഇസ്‌ലാമിക ശരീഅത്തിന്റെ നിലനില്‍പ്പിന് ദോഷമായി ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസ്സാകാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ജാഗ്രത കാണിക്കാതിരുന്നത് അത്യന്തം ഖേദകരമാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും പ്രസ്താവിച്ചു.

Tags:    

Similar News