മുത്ത്വലാഖിനെതിരേ ആദ്യമായി കോടതിയെ സമീപിച്ച ഷൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു

നേരത്തേ തന്നെ മുത്ത്വലാഖിനെതിരായ നീക്കങ്ങള്‍ക്ക് ഇവര്‍ക്ക് ബിജെപിയുടെ പിന്തുണ ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു

Update: 2020-10-12 04:22 GMT
മുത്ത്വലാഖിനെതിരേ ആദ്യമായി കോടതിയെ സമീപിച്ച ഷൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു

ഡെറാഡൂണ്‍: മുത്ത്വലാഖിനെതിരേ ആദ്യമായി കോടതിയെ സമീപിച്ച ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗര്‍ ജില്ലയിലെ കാശിപൂരിലെ ഷൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു. നേരത്തേ തന്നെ മുത്ത്വലാഖിനെതിരായ നീക്കങ്ങള്‍ക്ക് ഇവര്‍ക്ക് ബിജെപിയുടെ പിന്തുണ ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് മോദി സര്‍ക്കാര്‍ നിയമമാക്കിയതിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേസ് നടപടികള്‍ക്ക് മുന്നില്‍നിന്ന ഷൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നത്. ഡെറാഡൂണില്‍ നടന്ന ചടങ്ങിലാണ് ഷൈറാ ബാനു ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ് ലിം സ്ത്രീകള്‍ക്ക് വേണ്ടി പോരാടുകയും ഇന്ത്യയെ മുത്ത്വലാഖില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും സ്ത്രീ ശാക്തീകരണത്തിലും ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും ആകൃഷ്ടയായെന്നും ഷൈറാബാനു പറഞ്ഞു.

    അതേസമയം, ഉത്തരാഖണ്ഡില്‍ മാത്രമല്ല, രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ബിജെപി നീക്കമാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ''ന്യൂനപക്ഷങ്ങളിലേക്ക് എത്തിച്ചേരുന്നതിലൂടെ ബിജെപി സംസ്ഥാനത്ത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാനുവിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ബിജെപി രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിന് ഒരു സന്ദേശം നല്‍കുകയാണ്. അടിസ്ഥാനപരമായി, അവര്‍ നിങ്ങളെയും പരിപാലിക്കുന്നുവെന്ന് പറയുന്നു. ബിഹാര്‍, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള നീക്കമാണെന്നും ഡെറാഡൂണ്‍ ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ അനലിസ്റ്റ് യോഗേഷ് കുമാര്‍ പറഞ്ഞു.

    മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ശേഷം 82 ശതമാനം കേസുകളില്‍ കുറവുണ്ടായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇക്കഴിഞ്ഞ ആഗസ്തിലാണ് മുസ് ലിം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം 2019 എന്ന പേരില്‍ രാജ്യത്ത് മുത്ത്വലാഖ് നിരോധിച്ചും ക്രിമിനല്‍ കുറ്റമാക്കിയും പാര്‍ലമെന്റ് നിയമം പാസാക്കിയത്. കുമയോണ്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ കാശിപൂര്‍ ടൗണില്‍ താമസിക്കുന്ന ബാനു 2015 ഒക്ടോബറില്‍ തപാല്‍ വഴി ത്വലാഖ് ചൊല്ലിയെന്ന് ആരോപിച്ചാണ് 2016 ഫെബ്രുവരിയില്‍ കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് 2015 ഏപ്രിലില്‍ കാശിപൂരിലേക്കുള്ള യാത്രാമധ്യേ അവളെ മുറാദാബാദില്‍ ഉപേക്ഷിച്ചെന്നും തുടര്‍ന്ന് കാശിപൂരിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് നടക്കേണ്ടി വന്നെന്നും ഇവര്‍ ആരോപിച്ചിരുന്നു.

    അതേസമയം, നടപടിയെ വഞ്ചനയാണെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നില്ലെന്നും അവര്‍ ഈ രാജ്യത്തെ ജനങ്ങളോട് ചെയ്തതുപോലെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണെന്നും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് യൂനിറ്റ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മാന പറഞ്ഞു.

Triple Talaq crusader Shayara Bano joins BJP




Tags:    

Similar News