ഗസ ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാന്‍ നെതന്യാഹു രണ്ടു തവണ ശ്രമിച്ചതായി റിപോര്‍ട്ട്

മെയ് 10 മുതല്‍ 21 വരെ ഗസയില്‍ നടന്ന ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.

Update: 2021-06-01 07:25 GMT

തെല്‍ അവീവ്: കിഴക്കന്‍ ജെറുസലേമിലും ഗസ മുനമ്പിലും ഇസ്രായേല്‍ അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കെതിരേ ഇസ്രായേലിലെ അറബ് വംശജര്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചതായി റിപോര്‍ട്ട്. ഇസ്രായേലി മാധ്യമങ്ങളെ ഉദ്ധരിച്ച് അനദൊളു വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

മെയ് 10 മുതല്‍ 21 വരെ ഗസയില്‍ നടന്ന ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്. സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാന്‍ രണ്ടു തവണ നെതന്യാഹു നിര്‍ദേശിച്ചെന്നും എന്നാല്‍, ഇസ്രായേല്‍ അറ്റോര്‍ണി ജനറല്‍ അവിചായ് മണ്ടല്‍ബ്ലിറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കാര്യം തള്ളിക്കളയുകയായിരുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോകിലൂടെ ഇസ്രായേലിലെ അറബ് വംശജര്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ടാണ് നെതന്യാഹു ഈ ശുപാര്‍ശ മുന്നോട്ട് വച്ചത്. അതേസമയം, സോഷ്യല്‍ മീഡിയ തടസ്സപ്പെടുത്താന്‍ നിര്‍ദേശിച്ചത് നെതന്യാഹുവല്ലെന്നും മറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇതു സംബന്ധിച്ച നിര്‍ദേശം അദ്ദേഹം പിന്താങ്ങുകയായിരുന്നുവെന്ന് വാല ന്യൂസ് പറഞ്ഞു.

Tags: