റാണ അയ്യൂബിനെതിരേ വധ- ബലാല്‍സംഗ ഭീഷണി; മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍

ഒരു വസ്ത്രക്കടയിലെ സെയില്‍സ്മാനായിരുന്ന സിദ്ധാര്‍ത്ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലിസ് പിടികൂടിയത്. പ്രതിയെ ബാന്ദ്രയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Update: 2022-02-11 10:19 GMT

മുംബൈ: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും അയച്ചതിന് മധ്യപ്രദേശിലെ ഭോപ്പാല്‍ നഗരത്തില്‍ നിന്നുള്ള 24 കാരനെ പോലിസ് അറസ്റ്റ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു വസ്ത്രക്കടയിലെ സെയില്‍സ്മാനായിരുന്ന സിദ്ധാര്‍ത്ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലിസ് പിടികൂടിയത്. പ്രതിയെ ബാന്ദ്രയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ഇയാളെ കോവിഡ് 19 ന്റെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം ജയിലിലടയ്ക്കും.

റാണ അയ്യൂബ് മാധ്യമപ്രവര്‍ത്തകയായി തുടരുകയാണെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പേര് വെളിപ്പെടുത്താത്ത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി അവര്‍ക്കെതിരെ അസഭ്യവും അശ്ലീലവുമായ ഭാഷ ഉപയോഗിച്ചെന്നും ഓഫിസര്‍ പറഞ്ഞു.ഓണ്‍ലൈനില്‍ ഭീഷണിയുണ്ടെന്ന് അയ്യൂബിന്റെ പരാതിയെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് മുംബൈ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

നാല് ട്വിറ്റര്‍, രണ്ട് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതിനിടെ, ബിജെപിയുടെ കടുത്ത വിമര്‍ശക കൂടിയായ റാണ അയ്യൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം തടഞ്ഞുവച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച പണം വകമാറ്റല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ ആരോപിച്ചാണ് നടപടി. റാണാ അയ്യൂബിന്റേയും കുടുംബത്തിന്റേയും പേരില്‍ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്.

Tags:    

Similar News