ആള്‍ക്കൂട്ട ആക്രമണത്തെ ഭീകരാക്രമണമായി കണക്കാക്കണമെന്ന് മൗലാന വലി റഹ്്മാനി

ആള്‍ക്കൂട്ട ആക്രമണ ഇരകളുടെ കേസ് ഏറ്റെടുക്കാന്‍ ഇമാറ ശരീഅ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

Update: 2019-06-26 12:36 GMT

പട്‌ന: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഭീകരാക്രമണത്തിന് സമാനമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രമുഖ പണ്ഡിതന്‍ മൗലാന വലി റഹ്മാനി. ആള്‍ക്കൂട്ട ആക്രമണം ഭീകരാക്രമണം പോലെ തന്നെയാണ്. ഇത് ഗൗരവത്തിലെടുക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യണം. ഒരു സമൂഹത്തിലും ഭീകരത വച്ചുപൊറുപ്പിക്കരുത്- ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ മുസ്ലിം സംഘടനയായ ഇമാറ ശരീഅയുടെ അധ്യക്ഷനായ റഹ്മാനി പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ചതു കൊണ്ടോ അപലപിച്ചതു കൊണ്ടോ മാത്രം കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം തബ്‌രീസ് കൊല്ലപ്പെട്ട സംഭവത്തെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒട്ടും വൈകാതെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട ആക്രമണ ഇരകളുടെ കേസ് ഏറ്റെടുക്കാന്‍ ഇമാറ ശരീഅ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. നിയമ നടപടികള്‍ക്കായി ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഇരകളുടെ ബന്ധുക്കള്‍ ഇമാറ ശരീഅയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News