മരടിലെ ഫ്‌ളാറ്റ് കേസ്: ഭരണകര്‍ത്താക്കളില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കണം-എസ് ഡിപിഐ

ചെങ്ങറയിലും അരിപ്പയിലും മൂലമ്പിള്ളിയിലും മുത്തങ്ങയിലും തൊവരിമലയിലും നടന്ന അവകാശ സമരങ്ങള്‍ അടിച്ചമര്‍ത്തുകയകയും അവഗണിക്കുകയുമായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികള്‍. സമ്പന്നരും വരേണ്യ വിഭാഗങ്ങളും കുടിയൊഴിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ദരിദ്രരും ആദിവാസികളും ദലിതരും പിന്നാക്ക വിഭാഗങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടാല്‍ കുഴപ്പമില്ലെന്നുമുള്ള നിലപാടാണോ ഭരണകക്ഷികളും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും പുലര്‍ത്തുന്നതെന്നു വ്യക്തമാക്കണം.

Update: 2019-09-16 11:26 GMT

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുമ്പോള്‍ ഫഌറ്റ് നിര്‍മാതാക്കള്‍, ഒത്താശ ചെയ്ത ഭരണകര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നു നഷ്ടം ഈടാക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ ആവശ്യപ്പെട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണം നടത്തിയ കേസില്‍ ഫഌറ്റ് നിര്‍മാതാക്കളും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി വിധി വന്നിട്ടും അനധികൃത നിര്‍മാണം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അമിതാവേശം ഭരണവും സ്വാധീനവുമുപയോഗിച്ച് നിയമലംഘനത്തിന് കാലാകാലങ്ങളില്‍ അവര്‍ നല്‍കിയ പിന്തുണ മറനീക്കി പുറത്തുവരുന്നു. സമ്പത്തും സ്വാധീനവുമുപയോഗിച്ച് ഏതു നിയമവും ലഘിക്കാമെന്ന ധാര്‍ഷ്ട്യമാണ് നിര്‍മാണത്തിനു പിന്നില്‍. കുറ്റക്കാരായ ഫ്‌ളാറ്റ് നിര്‍മാതാക്കളെയും ഭരണക്കാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

    താമസക്കാരുടെ പുനരധിവാസത്തിനും പൊളിച്ചുനീക്കാനാവശ്യമായ ചെലവ് കണ്ടെത്താനും കുറ്റക്കാരില്‍ നിന്നു തുക ഈടാക്കണം. വികസനത്തിന്റെ പേരില്‍ പുനരധിവാസം പോലും ഉറപ്പാക്കാതെ തെരുവിലിറക്കപ്പെട്ട ആയിരങ്ങള്‍ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇപ്പോള്‍ മാനുഷികതയുടെ അപ്പോസ്തലന്മാരായി പ്രത്യക്ഷപ്പെടുന്നത്് അപഹാസ്യമാണ്. ചെങ്ങറയിലും അരിപ്പയിലും മൂലമ്പിള്ളിയിലും മുത്തങ്ങയിലും തൊവരിമലയിലും നടന്ന അവകാശ സമരങ്ങള്‍ അടിച്ചമര്‍ത്തുകയകയും അവഗണിക്കുകയുമായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികള്‍. സമ്പന്നരും വരേണ്യ വിഭാഗങ്ങളും കുടിയൊഴിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ദരിദ്രരും ആദിവാസികളും ദലിതരും പിന്നാക്ക വിഭാഗങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടാല്‍ കുഴപ്പമില്ലെന്നുമുള്ള നിലപാടാണോ ഭരണകക്ഷികളും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും പുലര്‍ത്തുന്നതെന്നു വ്യക്തമാക്കണം. മരട് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ മുന്നണി നേതാക്കള്‍ അഭിപ്രായവ്യത്യാസം മറന്ന് ഐക്യപ്പെട്ടതിലൂടെ അവരുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്നും മനോജ് കുമാര്‍ വ്യക്തമാക്കി.



Tags:    

Similar News