മരട് ഫ് ളാറ്റ് കേസ്: ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

കേരളത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരായത്.

Update: 2019-09-23 06:58 GMT

ന്യൂഡല്‍ഹി: മരട് ഫ് ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടായെന്നും സുപ്രിംകോടതി ഉത്തരവ് പാലിക്കാനുള്ള മനസ്സ് സര്‍ക്കാരിനില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കേസ് പരിഗണിച്ച ഉടന്‍തന്നെ ചീഫ് സെക്രട്ടറിയെ വിളിക്കാനായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ആവശ്യം. ചീഫ് സെക്രട്ടറി ടോം ജോസിനൊപ്പം അഡീഷനല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയില്‍ ഹാജരായിരുന്നു. ഫ് ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണമെന്നും കേരളം നിയമലംഘനം സംരക്ഷിക്കുകയാണോയെനന്നും കോടതി ചോദിച്ചു.

    നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ? ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? കേരളത്തിലെ പ്രളയത്തെക്കുറിച്ച് അറിയില്ലേ? അവരെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ല. കേരളത്തിലുണ്ടായ പ്രളയത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രിംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു സഹായം നല്‍കി. എന്നിട്ടും കേരളം പാഠം പഠിക്കുന്നില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കി. ഫ്‌ളാറ്റിലെ 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കില്‍ സ്ഥിതി ഗുരുതരമാവും. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസമായിട്ടും കേരളം ഒന്നും ചെയ്തില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഇന്ന് തന്നെ കേസില്‍ വിശദമായ ഉത്തരവിറക്കുമെന്ന് അറിയിച്ചെങ്കിലും വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേയുടെ അഭ്യര്‍ഥ മാനിക്കുകയായിരുന്നു. കേരളത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരായത്.



Tags:    

Similar News