ഉന്നത മാവോവാദി നേതാവ് രാമകൃഷ്ണ അന്തരിച്ചു

ഹർ​ഗോപാലിന്റെ ഏക മകൻ മുന്ന എന്ന പൃഥ്വി പിതാവിന്റെ പാത പിന്തുടർന്ന് സിപിഐ മാവോയിസ്റ്റിൽ ചേർന്നിരുന്നു, 2018 ൽ രാമഗുഡയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.

Update: 2021-10-15 11:37 GMT

തെലങ്കാന: സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അം​ഗവും ഉന്നത നേതാവുമായ അക്കിരാജു ഹർഗോപാൽ എന്ന രാമകൃഷ്ണ (63) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച്ച രാവിലെ 6ന് മരണപ്പെട്ടെന്ന് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

അക്കിരാജു മരണപ്പെട്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാ​ഗത്തെ ഉദ്ധരിച്ച് വ്യാഴാഴ്ച്ച തന്നെ മാധ്യമങ്ങൾ റിപോർട്ട് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ അത് തള്ളിക്കളഞ്ഞിരുന്നു. പാർട്ടി ഔദ്യോ​ഗിക പ്രസ്താവന വന്നിട്ടില്ലെന്നായിരുന്നു ഭാര്യ പ്രതികരിച്ചത്. എന്നാൽ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി വക്താവ് അഭയ് ഇന്ന് പ്രസ്താവന മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.

വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞയുടനെ ഡയാലിസിസ് ചികിൽസ ആരംഭിച്ചിരുന്നെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹം മരണപ്പെടുകയായിരുന്നു. രാമകൃഷ്ണയുടെ വിയോ​ഗം പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സിപിഐ മാവോയിസ്റ്റ് അവരുടെ പ്രസ്താവനയിൽ പറയുന്നു.

ഹർഗോപാൽ, 1958 ൽ ഗുണ്ടൂർ ജില്ലയിലെ പൽനാട് പ്രദേശത്താണ് ജനിച്ചത്. അച്ഛൻ ഒരു സ്കൂൾ അധ്യാപകനായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ഹർ​ഗോപാൽ കുറച്ചുകാലം അച്ഛനോടൊപ്പം അധ്യാപകനായി ജോലി ചെയ്തു. 1978 -ൽ വിപ്ലവ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ട് സിപിഐ എംഎൽ പീപ്പിൾസ് വാർ ​ഗ്രൂപ്പിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

1982 ൽ ഒരു മുഴുവൻ സമയ പ്രവർത്തകനായി അദ്ദേഹം പാർട്ടിയിൽ ചേർന്നു. പൽനാട് പ്രദേശത്തെ ഗ്രാമങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾ നടത്തി. 1986 ൽ സിപിഐ എംഎൽ പീപ്പിൾസ് വാർ ​ഗ്രൂപ്പ് ഗുണ്ടൂർ ജില്ലാ സെക്രട്ടറിയായി. 1992 ൽ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം തെലങ്കാന പ്രസ്ഥാനത്തെ 4 വർഷം നയിച്ചു. 2000 ൽ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2001 ജനുവരിയിൽ പീപ്പിൾസ് വാർ 9 -ാമത് കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ൽ ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരുമായി സിപിഐ എംഎൽ പീപ്പിൾസ് വാർ ​ഗ്രൂപ്പ് നടത്തിയ സമാധാന ചർച്ചയ്ക്ക് നേതൃത്വം വഹിച്ചത് ഹർ​ഗോപാൽ ആയിരുന്നു. സർക്കാർ ചർച്ചകളിൽ നിന്ന് പിന്മാറുകയും രാമകൃഷ്ണനെ വധിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോൾ, അദ്ദേഹത്തെ കേന്ദ്രകമ്മിറ്റി ആന്ധ്രാ-ഒഡീഷാ ബോഡറിലേക്ക് മാറ്റുകയും അവിടത്തെ പാർട്ടിയുടെ ചുമതലകൾ നൽകുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു. 2014 വരെ അദ്ദേഹം ആന്ധ്രാ-ഒഡീഷാ സ്പെഷ്യൽ സോണൽ കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2018 ലാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പൊളിറ്റ് ബ്യൂറോയിലേക്ക് എത്തുന്നത്.

ശിരിഷയാണ് നാൽപ്പതിലധികം വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഹർഗോപാലിന്റെ ഭാര്യ. ഹർ​ഗോപാലിന്റെ ഏക മകൻ മുന്ന എന്ന പൃഥ്വി പിതാവിന്റെ പാത പിന്തുടർന്ന് സിപിഐ മാവോയിസ്റ്റിൽ ചേർന്നിരുന്നു, 2018 ൽ രാമഗുഡയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യൻ സർക്കാർ ഹർ​ഗോപാലിനെ പിടികൂടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

Similar News