ഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ സുധാകരന്‍

Update: 2024-04-29 15:25 GMT

കണ്ണൂര്‍: പ്രകാശ് ജാവദേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്നത് സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് പൂര്‍ണസംരക്ഷണം ഒരുക്കിയത്. ഇ പിക്കെതിരേ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചത്. ഇന്നത്തെ സിപിഎം നാളത്തെ ബിജെപിയാണ്. ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവര്‍ത്തനം കേരള സിപിഎം ഘടകത്തിലും വൈകാതെ ഉണ്ടാവും. സിപിഎമ്മില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച വി എസ് അച്യുതാനന്ദനെ അരിഞ്ഞുവീഴുത്താന്‍ എകെജി സെന്ററിന്റെ അകത്തളത്തില്‍ ഗര്‍ജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാത്ത ഗതികേടിലാണ്. ഇന്‍ഡ്യ സഖ്യത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരേ മുഖ്യമന്ത്രിയും സിപിഎമ്മും തിരിഞ്ഞതിന്റെ അകംപൊരുള്‍ തെളിഞ്ഞതും ഇപ്പോഴാണ്. കമ്യൂണിസ്റ്റ് സിദ്ധാന്തവും പ്രത്യയശാസ്ത്രവും വില്‍പ്പനച്ചരക്കാക്കിയ നേതൃത്വമാണ് കേരളത്തില്‍ സിപിഎമ്മിന്റേത്. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ക്കുള്ളത്. പ്രകാശ് ജാവദേക്കറെ കണ്ടെന്നു പിണറായി തന്നെ സമ്മതിച്ചു. ജാവഡേക്കര്‍ ഇപ്പോള്‍ മന്ത്രിയല്ല. കേരളത്തില്‍ ബിജെപിയെ വളര്‍ത്താനാണ് അവരുടെ നേതൃത്വം അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. അങ്ങനെയുള്ള ജാവദേക്കറെ പിണറായി കണ്ടത് എന്തിനാണ്. ഇതെല്ലാം സിപിഎം-ബിജെപി ഡീലിന്റെ ഭാഗം തന്നെയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കെ സുരേന്ദ്രനെതിരായ കേരളാ പോലിസിന്റെ നടപടിയും പാതിവഴിയില്‍ എങ്ങനെ നിലച്ചു എന്നതിന് തെളിവുകളാണ് സിപിമ്മിന്റെയും ബിജെപിയുടേയും നേതാക്കളുടെ ഇത്തരത്തിലുള്ള രഹസ്യകൂടിക്കാഴ്ചകള്‍. സ്വന്തം അണികളെ വഞ്ചിച്ചവരാണ് ഇന്ന് സിപിഎമ്മിനെ നയിക്കുന്നത്. സിപിഎം പലപ്പോഴും കേരളത്തില്‍ ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ താരപ്രചാരകനെപ്പോലെയാണ് ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും രാഹുല്‍ ഗാന്ധിക്കെതിരേ വന്നതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News