പള്ളിക്കും ക്ഷേത്രത്തിനുമെതിരെ ആക്രമണം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

Update: 2021-08-02 18:19 GMT

തിരുവനന്തപുരം: കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലുമായി പള്ളിക്കും ക്ഷേത്രത്തിനുമെതിരെ ആക്രമണം നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. വെള്ളൂര്‍കോണം മുസ്‌ലിം പള്ളിക്ക് നേരയും ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരയും ആക്രമണം നടത്തിയ കിളിമാനൂര്‍ സ്വദേശിയായ സുധീരനെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രിയില്‍ ആരാധനാലയങ്ങള്‍ക്കു നേരെ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് നാവായികുളം വെള്ളൂര്‍ക്കോണം മുസ്‌ലിം പള്ളിക്ക് നേരെ സുധീരന്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിന്തുടര്‍ന്ന് നാവായിക്കുളം സ്‌കൂളിന് സമീപത്ത് നിന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഈ കേസില്‍ ചോദ്യം ചെയ്യനായി പ്രതിയെ പള്ളിക്കല്‍ പോലിസിന് കൈമാറി. കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും ആരാധനാലയങ്ങളില്‍ മോഷണം നടത്തിയതിന് നേരത്തെയും സുധീരനെതിരെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. 2007 ല്‍ കിളിമാനൂരിലും 2019ല്‍ നഗരൂരിലും 2020ല്‍ കല്ലമ്പലത്തുമാണ് ഇയാള്‍ മോഷണം നടത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് നാവായിക്കുളം മുക്കുകട ഇടമണ്‍നില കൈപ്പള്ളിയില്‍ നാഗരുകാവ്മാടന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് എത്തിയ ശാന്തിരമാരാണ് പ്രതിഷ്ഠകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്. അതിനുശേഷം നടത്തിയ അന്വേഷണത്തില്‍ പ്രതിഷ്ഠ തകര്‍ത്ത നിലയില്‍ സമീപത്തുനിന്ന് കണ്ടെത്തി. കാണിക്കവഞ്ചി കുത്തിപൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പള്ളിക്കുനേരെയും ആക്രമണം ഉണ്ടായത്. പള്ളി അക്രമണവുമായി ബന്ധപെട്ട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ കല്ലമ്പലം പോലിസില്‍ പരാതി നല്‍കി. നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തിയാണോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News