മോദിയുമായി കൂടിക്കാഴ്ച നടത്തി; പൗരത്വ പട്ടികയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മമത

ഇന്ത്യയിലുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായ വിവാദ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി പ്രധാനമന്ത്രി മോദിയുടെ ബിജെപിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് രാജ്ഭവനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

Update: 2020-01-11 12:08 GMT

കൊല്‍ക്കത്ത: ദ്വിദിന സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായ വിവാദ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി പ്രധാനമന്ത്രി മോദിയുടെ ബിജെപിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് രാജ്ഭവനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ആതിഥ്യ മര്യാദയുടെ ഭാഗമായിട്ടാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. എന്‍പിആര്‍ (ദേശീയ ജനസംഖ്യാ പട്ടിക), എന്‍ആര്‍സി (ദേശീയ പൗരത്വ പട്ടിക), സിഎഎ എന്നിവ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അസ്വീകാര്യമാണെന്ന് താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായും ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആവശ്യപ്പെട്ടതായും മമത ബാനര്‍ജി പറഞ്ഞു. മറ്റ് പരിപാടികള്‍ക്കായാണ് ബംഗാളില്‍ എത്തിയത് എന്നതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ മോദി ഡല്‍ഹിയിലേക്ക് ക്ഷണിച്ചതായും മമത പറഞ്ഞു.

ബുള്‍ബുള്‍ ചുഴലിക്കാറ്റിലെ 7 കോടി ഉള്‍പ്പെടെ ബംഗാളിന് കേന്ദ്രം 28 കോടി രൂപയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചതായി മമത പറഞ്ഞു. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍, സംസ്ഥാന മുനിസിപ്പല്‍ കാര്യമന്ത്രി ഫിര്‍ഹാദ് ഹക്കീം, പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ശനിയും ഞായറും കൊല്‍ക്കത്തയില്‍ തങ്ങുന്ന പ്രധാനമന്ത്രി ഞായറാഴ്ച കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷച്ചടങ്ങിലും മറ്റു പരിപാടികളും സംബന്ധിക്കും.

അതേസമയം, കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മോദിക്കെതിരേ വന്‍ പ്രതിഷേധമാണ് വിമാനത്താവളത്തിന് പുറത്ത് അരങ്ങേറിയത്. മോദിയുടെ സന്ദര്‍ശനത്തിനെതിരേ സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും പ്രകടനങ്ങള്‍ നടന്നു. മോദി പങ്കെടുക്കുന്ന രണ്ടു പരിപാടികളില്‍ മമതയും പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

Tags:    

Similar News