ഈ വർഷം അമ്പതിലേറെ തവണ കശ്മീരിൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തി

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ നിയമ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഈ വർഷം മാത്രം കശ്മീരിൽ അടിച്ചേൽപ്പിച്ച 51-ാമത്തെ ഇന്റർനെറ്റ് റദ്ദാക്കലാണ്.

Update: 2019-08-07 05:40 GMT

കാശ്മീർ: കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളയുന്നതിന് മുമ്പ് റദ്ദ് ചെയ്ത ആശയവിനിമയ സംവിധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ് എന്ന കൂട്ടായ്മയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ നടത്തിയ ഭരണഘടനാ ഭേദഗതിക്കെതിരേ പ്രതിഷേധവും സംഘർഷങ്ങളും സജീവമാകാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു ഈ നടപടി. ഇന്റർനെറ്റ് സേവനം അടക്കം അനിശ്ചിത കാലത്തേക്ക് വിലക്കിയതായാണ് റിപോർട്ടുകൾ. 

അതേസമയം കശ്മീരിൽ ഇന്റർനെറ്റ് വിലക്കുന്നത് ഇതാദ്യമല്ല. മൊബൈൽ, ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആഗസ്ത് നാലുമുതൽ വിലക്കിയതായി നെറ്റ് ബ്ലോക്സ് റിപോർട്ട് ചെയ്യുന്നു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ നിയമ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഈ വർഷം മാത്രം കശ്മീരിൽ അടിച്ചേൽപ്പിച്ച 51-ാമത്തെ ഇന്റർനെറ്റ് റദ്ദാക്കലാണ്. അവസാനത്തേത് ഒരാഴ്ച മുൻപ് ജമ്മു കശ്മീരിലെ ഷോപ്പിയൻ പ്രദേശത്ത് സായുധ പ്രവർത്തകരെ പിടികൂടുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നാണ് സർക്കാർ പറയുന്നത്.

ജമ്മു കശ്മീരിൽ 2012 മുതൽ ഇതുവരെ 176 ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടന്നിട്ടുണ്ട്. രാജ്യത്തെ മൊത്തം കണക്കുകൾ നോക്കുമ്പോൾ ഇത് 51 ശതമാനമാണ്. 61 തവണ രാജസ്ഥാൻ, 16 തവണ ഉത്തർപ്രദേശ് എന്നിവയാണ് അടുത്ത സംസ്ഥാനങ്ങൾ. നിരോധനാജ്ഞയ്ക്ക് ഒപ്പം ഇന്റർനെറ്റ് സംവിധാനം റദ്ദാക്കുന്നതിലൂടെ പ്രതിഷേധങ്ങൾ തീർത്തും ഇല്ലായ്മ ചെയ്യാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ നടപടികൾ. 

Tags:    

Similar News