വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്ത് മഹാരാഷ്ട്ര പോലിസ്

Update: 2022-11-18 05:51 GMT

മുംബൈ: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്ത് മഹാരാഷ്ട്ര പോലിസ്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പോലിസ് രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരേ പരാമര്‍ശം നടത്തിയത്. വി ഡി സവര്‍ക്കര്‍ മാപ്പെഴുതി നല്‍കിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. സവര്‍ക്കര്‍ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തില്‍ ഒപ്പുവയ്ക്കുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. അത് ഭയമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ ഭയമായിരുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ട വിധത്തിലുള്ള ജനശ്രദ്ധ കിട്ടാത്ത് കൊണ്ടാണ് രാഹുല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ പ്രതികരിച്ചിരുന്നു. സ്വതന്ത്ര്യസമര സേനാനിയായ മുത്തച്ഛനെ രാഹുല്‍ അപമാനിച്ചു. ഇതാദ്യമായല്ല കോണ്‍ഗ്രസും രാഹുലും സവര്‍ക്കറെ അപമാനിക്കുന്നതെന്നും രാഹുലിനെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും രജ്ഞിത്ത് സവര്‍ക്കര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags: