പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറി :രമേശ് ചെന്നിത്തലയുടെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലിസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മുലത്തില്‍ വ്യക്തമാക്കി

Update: 2019-05-17 10:24 GMT

കൊച്ചി: പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലിസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മുലത്തില്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കും വരെ അതില്‍ തടസമുണ്ടാകാന്‍ പാടില്ല. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം ഹരജി നല്‍കാം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മിഷന്‍ അറിയിച്ചു.

പോലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും ആരോപണത്തെ സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല പ്രധാനമായും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. എ ഡി ജി പി യുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ പുറത്തു വന്ന എല്ലാ അട്ടിമറികളും സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ടു അനോഷിപ്പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്‍കണം. പോലിസിനെതിരെയുള്ള ആരോപണത്തില്‍ സംസ്ഥാന പോലിസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതു കൊണ്ട് സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നുമാണ് രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് ചീഫ് ഓഫിസര്‍, സംസ്ഥാന പോലിസ് മേധാവി, എഡിജിപി ( ഇന്റലിജന്‍സ്), സംസ്ഥാന സര്‍ക്കാര്‍ എന്നിവരാണ് എകക്ഷികള്‍.കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Tags: