പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്, ബിജെപിയും യോഗത്തിനെത്തും, എന്‍എസ്എസ് പങ്കെടുത്തേക്കില്ല

പൗരത്വ നിയമഭേദഗതിക്കെതിരേ നേരത്തേ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികളും ചര്‍ച്ചയാകും.

Update: 2019-12-29 00:44 GMT

തിരുവനന്തപുരം: വിവാദമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ മത-സാമുദായിക സംഘടനകളേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ബിജെപിയും യോഗത്തില്‍ പങ്കെടുക്കും.

പൗരത്വ നിയമഭേദഗതിക്കെതിരേ നേരത്തേ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികളും ചര്‍ച്ചയാകും. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തുടര്‍ സംയുക്ത പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കാനുള്ള സാധ്യത വിരളമാണ്. ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് മുല്ലപള്ളി ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണിത്. അതേസമയം, രമേശ് ചെന്നിത്തലയും സമാന വിഷയത്തില്‍ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, ഇരുകൂട്ടരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുള്ള എസ്ഡിപിഐയേയും വെല്‍ഫയര്‍ പാര്‍ട്ടിയേയും സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

പൗരത്വ ഭേദഗതി വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള സംഘടനകളെ പോലും യോഗത്തിലേക്ക് ക്ഷണിച്ച സര്‍ക്കാര്‍ എസ്ഡിപിഐയേയും വെല്‍ഫയര്‍ പാര്‍ട്ടിയേയും മാറ്റിനിര്‍ത്തിയത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

Tags: