സമരോല്‍സുകമായ മതനിരപേക്ഷതയാണ് ഉയര്‍ന്നു വരേണ്ടത്: കെഇഎന്‍

വിവിധ മത, ജാതി, ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളര്‍ന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായ്മകള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യ ഒരു ജാതി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും കെഇഎന്‍ പറഞ്ഞു.

Update: 2019-06-21 15:20 GMT

കോഴിക്കോട്: ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ട ബദല്‍ രാഷ്ട്രീയ ബദല്‍ സമരോല്‍സുക മതേതരത്വമാണെന്നു കെഇഎന്‍ കുഞ്ഞഹമ്മദ്. മാനുഷിക നന്മയില്‍ അധിഷ്ഠിതമായ മതേതരത്വവും ജനാധിപത്യവും നിഷ്പ്രഭമാക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.


എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മത, ജാതി, ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളര്‍ന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായ്മകള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒതുങ്ങാതെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടി നമ്മുടെ മുഖ്യ അജണ്ടകളായി മാറണം. കരണം ബിജെപിക്ക് കിട്ടിയ വോട്ടെണ്ണത്തെക്കാള്‍ സാംസ്‌കാരിക ശക്തി അവര്‍ നേടിയുട്ടുണ്ട്. എന്നാല്‍ മതേതര കക്ഷികള്‍ക്ക് അവര്‍ക്ക് കിട്ടിയ വോട്ടിനു തുല്യമായ സാംസ്‌കാരിക പിന്‍തുണ അവര്‍ക്കില്ല.

ജനങ്ങളില്‍ അതിവൈകാരികതയും ഭിന്നിപ്പും തീര്‍ക്കുന്നതില്‍ ഫാഷിസ്റ്റുകള്‍ വിജയിച്ചതാണ് ഇത്തരമൊരു വിജയം അവര്‍ക്കു നേടാന്‍ കഴിഞ്ഞത്. വന്‍ തോതിലുള്ള കോര്‍പ്പറേറ്റ് പണമൊഴുക്കും അതിനേക്കാള്‍ ശക്തമായ പ്രചാരണത്തിലൂടെയുള്ള ജാതിമേല്‍ക്കോയിമയുടെ സംയോജനവുമാണ് നടന്നത്. ഇന്ത്യ ഒരു ജാതി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയിതു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചേക്കുട്ടി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, പ്രഫ. പി കോയ, കെ എസ് ഹരിഹരന്‍, മുസ്തഫ പാലേരി, സലിം കാരാടി, എന്‍ കെ റഷീദ് ഉമരി സംസാരിച്ചു.

Tags:    

Similar News