കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; ആനുകൂല്യങ്ങളും വോട്ടും ഇല്ല

കാരാട്ട് റസാഖിന് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ട് വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.കൊടുവള്ളി മണ്ഡലത്തിലെ വോട്ടര്‍മാരായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Update: 2019-01-17 14:24 GMT

കൊച്ചി: കൊടുവള്ളിയില്‍ നിന്നും വിജയിച്ച ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയെങ്കിലും വിധി നടപ്പാക്കുന്നതിന് ഒരു മാസത്തെ സ്‌റ്റേ അനുവദിച്ച സാഹചര്യത്തില്‍ റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി. എന്നാല്‍ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാനാവില്ലെന്നും നിയമസഭയിലുണ്ടാവുന്ന വോട്ടടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. കാരാട്ട് റസാഖിന് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ട് വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.കൊടുവള്ളി മണ്ഡലത്തിലെ വോട്ടര്‍മാരായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച എം എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വീഡിയോയിലൂടെയും മറ്റും പ്രചരണം നടത്തിയെന്നായിരുന്നു കാരാട്ട് റസാഖിനെതിരെയുള്ള പ്രധാന ആരോപണം. യുഡിഎഫ് സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡോക്യുമെന്ററികളും സിഡികളും പ്രചരണത്തിനു ഉപയോഗിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി സാമ്പത്തിക കുറ്റകൃത്യം ചെയ്തയാളാണെന്നും പ്രചരിപ്പിച്ചുവെന്നും ഇവര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. ആരോപണങ്ങളടങ്ങുന്ന ദൃശ്യം പ്രാദേശിക ചാനലില്‍ സംപ്രേഷണം ചെയ്തുവെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കാരാട്ട് റസാഖിന് നിരപരാധിത്വം തെളിയിക്കുന്നതിനു മതിയായ തെളിവുകളില്ലെന്നു കണ്ടെത്തിയ കോടതി ഹരജി അനുവദിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. റിട്ടയര്‍ ചെയ്യുന്ന ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ഹൈക്കോടതി ജഡ്ജിയായിട്ടുള്ള അവസാനത്തെ വിധിയായിരുന്നു ഇത്. തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കാരാട്ട് റസാഖ് ഹൈക്കോടതിയിലും പിന്നീട് സുപ്രിംകോടതിയിലും ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും ഈ ഹരജികള്‍ കോടതി നിരസിച്ചിരുന്നു. മുസ്്‌ലിം ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖിനെ സ്ഥാനാര്‍ഥിത്വം നല്‍കാത്തതിനെ തുടര്‍ന്നാണ് പാര്‍ടിയില്‍ നിന്നും രാജിവച്ചത്. തുടര്‍ന്ന് ഇടതു സ്വതന്ത്രനായി കൊടുവള്ളി മണ്ഡലത്തില്‍ മല്‍സരിക്കുകയായിരുന്നു.

Tags:    

Similar News