കോടതിയലക്ഷ്യമായ നടപടിയാണ് ചീഫ് സെക്രട്ടറി ചെയ്തിരിക്കുന്നതെന്ന് കാനം രാജേന്ദ്രൻ

ചീഫ് സെക്രട്ടറിയുടെ ലേഖനം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അത് കീഴുദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്.

Update: 2019-11-05 13:08 GMT

കണ്ണൂര്‍: മാവോവാദികളെ വെടിവച്ചു കൊന്നതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് സര്‍ക്കാരിന്റെ അനുവാദത്തോടെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോടതിയലക്ഷ്യമായ നടപടിയാണ് ചീഫ് സെക്രട്ടറി ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് മജിസ്റ്റീരിയല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നാണ്. അതിനിടയില്‍ ചീഫ് സെക്രട്ടറിയുടെ ലേഖനം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അത് കീഴുദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്. നേരത്തേ ഒരു മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ പുസ്തകം എഴുതിയതിനെതിരേ നടപടിയെടുത്തിട്ടുള്ളതാണ്. മാവോവാദികള്‍ക്ക് മനുഷ്യാവകാശമില്ലെന്നും പൗരാവകാശമില്ലെന്നുമാണ് ചീഫ് സെക്രട്ടറി ലേഖനത്തില്‍ പറയുന്നത്.

മാവോവാദം സംബന്ധിച്ച് ഒന്നിലധികം വിധികള്‍ സുപ്രിംകോടതി തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഡല്‍ഹിയില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച സീതാറാം യെച്ചൂരി എത് പൂച്ചയാണെന്ന്, സിപിഎം നേതാവ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. തങ്ങള്‍ പറയുന്നത് രാഷ്ട്രീയമാണ്. അത് സിപിഐയുടെയും രാജ്യത്തെ ഇടതുപക്ഷത്തിന്റെയും നിലപാടാണ്. ഇത് സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതയൊന്നുമില്ല.

വെടിവയ്പ് നടക്കുന്നതിനിടയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ കമിഴ്ന്നു കിടന്ന് എഫ്‌ഐആര്‍ എഴുതുന്ന വീഡിയോ കണ്ടാല്‍ പോലിസ് ഉണ്ടാക്കുന്ന തെളിവുകളെക്കുറിച്ച് ധാരണയുണ്ടാവുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയ സംഭവത്തില്‍ തെളിവുകളായി പോലിസ് പുറത്തുവിട്ട വീഡിയോകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

Tags:    

Similar News