ജാർഖണ്ഡ്: ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കോൺ​ഗ്രസ് എം‌എൽ‌എയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി

ദേശീയ സുരക്ഷാ നിയമപ്രകാരം അൻസാരിക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Update: 2021-04-16 06:11 GMT

ദിയോഘർ: ദിയോഘറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രാർത്ഥന നടത്തിയതിന് കോൺഗ്രസ് എം‌എൽ‌എ ഇർഫാൻ അൻസാരിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.

ദിയോഘറിലെ ബൈദ്യനാഥ് ധാം ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശനം അനുവദനീയമല്ലെന്നും കോൺഗ്രസ് എം‌എൽ‌എ ഇർഫാൻ അൻസാരി ക്ഷേത്രത്തിൽ പ്രവേശിച്ചെന്നും ചൂണ്ടിക്കാട്ടി ഞാൻ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്ന് ബിജെപി എംപി വ്യക്തമാക്കി. ദേശീയ സുരക്ഷാ നിയമപ്രകാരം അൻസാരിക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജംതാരയിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയായ അൻസാരി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ബിജെപി നേതാവ് ആരോപിച്ചു. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശനം അനുവദനീയമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആരാധനയുടെ മറവിൽ കോൺഗ്രസ് എം‌എൽ‌എ ഇർഫാൻ അൻസാരി ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ ജ്യോതിർലിംഗയെ സ്പർശിക്കുകയും അപമാനിക്കുകയും ചെയ്തു... വിശ്വാസമനുസരിച്ച് മക്കയിൽ അമുസ്‌ലിംകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നും ‌ദുബെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

അതേസമയം, മതത്തിന്റെ പേരിൽ ദുബെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് എം‌എൽ‌എ ഇർഫാൻ അൻസാരി ആരോപിച്ചു. നിഷികാന്ത് മതത്തിന്റെ പേരിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്നെ വളരെയധികം ഞെട്ടിച്ചു. ബാബ എന്റേതാണ്, ഞാൻ ബാബയുടെ ഭക്തനാണ്. നിഷികാന്ത് മതത്തിന്റെ ഏജന്റാകരുത്. ഈ പുണ്യനഗരം എന്റെ ബാബയുടേതാണ്, ഏതെങ്കിലും നിഷികാന്ത് അല്ലെങ്കിൽ ഏതെങ്കിലും ബിജെപി നേതാവിന്റെ അനുമതി തനിക്ക് ആവശ്യമില്ലെന്നും അൻസാരി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 

Similar News