ജമ്മുകശ്മീരില്‍ സര്‍ക്കാരിന് സമയം നല്‍കി; നിയന്ത്രണങ്ങളില്‍ ഇടപെടാതെ സുപ്രീംകോടതി

ജമ്മുകശ്മീര്‍ സാധാരണ നിലയിലാവാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. എന്നാല്‍ കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ സുപീം കോടതി വിസ്സമ്മതിച്ചു.

Update: 2019-08-13 09:23 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ സാധാരണ നിലയിലാവാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. എന്നാല്‍ കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ സുപീം കോടതി വിസ്സമ്മതിച്ചു. 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനെവാല സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് വരണമെന്ന് ആഗ്രഹമെന്ന് പറഞ്ഞ കോടതി എത്രകാലം കശ്മീരില്‍ നിലവിലെ സാഹചര്യം തുടരുമെന്നും ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ഇക്കാര്യം ചോദിച്ചത്. കേന്ദ്രം എല്ലാ സാഹചര്യങ്ങളും പരിശോധിക്കുകയാണെന്നായിരുന്നു ഇതിന് എജിയുടെ മറുപടി. തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അഭിപ്രായപ്പെട്ടത്.

ജസ്റ്റിസ് അരുണ്‍ മിശ്ര, എം ആര്‍ ഷാ, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ നിരോധനം അംഗീകരിക്കാനാവില്ലെന്നും സ്‌കൂളുകളും ആശുപത്രികളും പോലിസ് സ്‌റ്റേഷനുകളുമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.


Tags:    

Similar News