ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഒരിക്കലും ഇന്ത്യയില്‍ വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഭയ്യാജി ജോഷി

നിയമത്തിന് പിന്നിലെ യഥാര്‍ത്ഥ വികാരം മനസിലാക്കിയിരുന്നെങ്കില്‍ യാതൊരു വിധത്തിലുള്ള എതിര്‍പ്പുമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-01-26 12:16 GMT

നാഗ്പൂര്‍: ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഒരിക്കലും ഇന്ത്യയില്‍ വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഈ രാജ്യത്ത് ഇസ്‌ലാം മതവിശ്വാസികള്‍ക്ക് യാതൊരു വിവേചനവും നേരിടേണ്ടിവന്നിട്ടില്ല. അവിടെ നിന്ന് ഒരു പൗരന്‍, അത് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാളായാലും, ഇന്ത്യയില്‍ വന്നാല്‍ നിയമപ്രകാരം അവര്‍ക്ക് പൗരത്വം ലഭിക്കാനുള്ള വ്യവസ്ഥ നിലവിലുണ്ട്. അതില്‍ എന്താണ് പ്രശ്‌നമുള്ളത്? പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഭയ്യാജി ജോഷി പ്രതികരിച്ചു.

ഈ വിഷയം ഗൗരവമായി ചിന്തിക്കാതെ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. നിയമത്തിന് പിന്നിലെ യഥാര്‍ത്ഥ വികാരം മനസിലാക്കിയിരുന്നെങ്കില്‍ യാതൊരു വിധത്തിലുള്ള എതിര്‍പ്പുമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആവര്‍ത്തിച്ച് വ്യക്തത വരുത്തുന്നുണ്ട്. പക്ഷെ വ്യത്യസ്ത ഗ്രൂപ്പുകള്‍ ഇപ്പോഴും നിയമത്തിന് എതിരായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പാര്‍ലമെന്റാണ് നിയമം പാസാക്കിയത്. അത് എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പും വിവിധ സര്‍ക്കാരുകള്‍ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ ഇപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് അറിയില്ലെന്നും ഭയ്യാജി ജോഷി വ്യക്തമാക്കി. വിദേശ പൗരന്മാര്‍ ഇന്ത്യയില്‍ താമസിക്കുന്നത് രാജ്യത്തിന് നല്ലതല്ല. ഹിന്ദുക്കളെ മാത്രമല്ല, പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും വരുന്ന ജൈനനും സിഖു മതക്കാരും ബുദ്ധ മതക്കാരും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ഇന്ത്യന്‍ പൗരനാകാം. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Full View

Tags:    

Similar News