ഇന്റർനെറ്റ് ​സേവനങ്ങൾ നിഷേധിച്ച് 122 ദിവസം; കശ്മീരികൾക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടു

നിഷ്‌ക്രിയ അക്കൗണ്ടുകളെക്കുറിച്ചുള്ള കമ്പനിയുടെ നയത്തിന്റെ ഫലമാണ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെടുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ബസ്സ്ഫീഡ് ന്യൂസ് സ്ഥിരീകരിച്ചു.

Update: 2019-12-05 11:45 GMT

കശ്മീർ:  ഇന്റർനെറ്റ് ​സേവനങ്ങൾ നിഷേധിച്ച് 122 ദിവസം പിന്നിടുമ്പോൾ കശ്മീരികളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടു. നാല് മാസത്തിലധികം തുടർച്ചയായി വാട്ട്‌സ്ആപ്പ് ഉപയോ​ഗിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ നഷ്ടപ്പെടാറുണ്ട്. തങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്ടപ്പെട്ടതായി കശ്മീരികളായ നിരവധി പേർ ട്വീറ്റ് ചെയ്തു.

നിഷ്‌ക്രിയ അക്കൗണ്ടുകളെക്കുറിച്ചുള്ള കമ്പനിയുടെ നയത്തിന്റെ ഫലമാണ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെടുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ബസ്സ്ഫീഡ് ന്യൂസ് സ്ഥിരീകരിച്ചു. സുരക്ഷ നിലനിർത്തുന്നതിനാണ് 120 ദിവസത്തിലധികം ദിവസം നിഷ്‌ക്രിയമായി കിടക്കുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദയവായി ഇത് ശ്രദ്ധിക്കുക. കഴിഞ്ഞ 4 മാസമായി കശ്മീരിൽ ഇന്റർനെറ്റ് ഇല്ല, നിങ്ങളുടെ അൽ‌ഗോരിതം 120 ദിവസത്തിലേറെയായി നിഷ്‌ക്രിയമായിരിക്കുന്ന കശ്മീരി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഇല്ലാതാക്കുന്നു, ഇത് അവരുടെ തെറ്റല്ലെന്ന് വാട്ട്‌സ്ആപ്പിനെ ടാ​ഗ് ചെയ്ത് ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ് ട്വിറ്ററിൽ പറഞ്ഞു. ആഗസ്ത് 5 മുതൽ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി കേന്ദ്രം റദ്ദാക്കിയതിനുശേഷം ഇന്റർനെറ്റ് സേവനങ്ങൾ കശ്മീരിൽ നിഷേധിച്ചത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.  

Tags:    

Similar News