സിറിയയിലെ കുർദിഷ് സായുധർക്കെതിരേ തുർക്കി സംയമനം പാലിക്കണം: ഇന്ത്യ

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സായുധ നീക്കത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന കുർദിഷ് സായുധർക്കെതിരേ തുർക്കി ബുധനാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.

Update: 2019-10-10 13:17 GMT

ന്യൂഡൽഹി: വടക്കൻ സിറിയയിൽ അമേരിക്കൻ പിന്തുണയുള്ള കുർദിഷ് സേനയ്‌ക്കെതിരായ തുർക്കിയുടെ ആക്രമണത്തിൽ അതീവ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുർക്കിയുടെ ഈ നീക്കം മേഖലയിലെ സ്ഥിരതയേയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തേയും ദുർബലപ്പെടുത്തുമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

സിറിയയുടെ പരമാധികാരത്തേയും അവരുടെ ആഭ്യന്തര കാര്യങ്ങളേയും മാനിച്ച് സംയമനം പാലിക്കണമെന്ന് ഇന്ത്യ തുർക്കിയോട് ആവശ്യപ്പെട്ടു. സംഭാഷണത്തിലൂടെയും ചർച്ചയിലൂടെയും എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാൻ പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സായുധ നീക്കത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന കുർദിഷ് സായുധർക്കെതിരേ തുർക്കി ബുധനാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു തുർക്കിയുടെ ഈ നീക്കം.

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, പോളണ്ട് എന്നീ അഞ്ച് യൂറോപ്യൻ അംഗങ്ങളുടെ അഭ്യർഥന മാനിച്ച് സിറിയയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഐക്യരാഷ്ട്ര സുരക്ഷാ സമിതി യോഗം ചേരുമെന്ന് റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു. 15 അംഗ കൗൺസിലിന് അയച്ച കത്തിൽ തുർക്കി തങ്ങളുടെ സൈനിക നടപടിയെ കൃത്യമായാണ് നടക്കുന്നതെന്ന് അവകാശപ്പെടുന്നു. 

Tags:    

Similar News