'നിങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കരുത്' ഖഷഗ്ജിയുടെ അവസാന വാക്കുകള്‍ പുറത്ത്

സൗദി ഭരണകൂടം മുന്‍കൂട്ടി ആസുത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്ന് തുര്‍ക്കി ആരോപിക്കുന്ന സംഭവത്തിനു പിന്നാലെ കോണ്‍സുലേറ്റ് കെട്ടിടത്തില്‍വച്ചുതന്നെ ഖഷഗ്ജിയുടെ മൃതദേഹം തുണ്ടംതുണ്ടമാക്കി തെളിവുകള്‍ അവശേഷിപ്പിക്കാത്തവിധം നശിപ്പിച്ചിരുന്നു.

Update: 2019-09-10 08:37 GMT

ആങ്കറ: കഴിഞ്ഞ വര്‍ഷം ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെയും സൗദി ഹിറ്റ് സ്‌ക്വാഡിന്റെയും ഓഡിയോ റെക്കോര്‍ഡിംഗുകളുടെ പകര്‍പ്പുകള്‍ തുര്‍ക്കി ദിനപത്രം സബാഹ് പുറത്തുവിട്ടു.

2018 ഒക്ടോബര്‍ 2 ന് കൊലപാതകത്തിന് തൊട്ട് മുമ്പ് സൗദി എഴുത്തുകാരനും 15 അംഗ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ തുര്‍ക്കിയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. ഈ സംഭാഷണം തിങ്കളാഴ്ച തുര്‍ക്കി ദിനപത്രം സാബാഹ് പുറത്ത് വിടുകയായിരുന്നു.

അമേരിക്കയില്‍ താമസിച്ചിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ഖഷഗ്ജി കൊല്ലപ്പെടുന്നതിനും മൃതദേഹം ഛേദിക്കപ്പെടുന്നതിനുമുമ്പായി സൗദി കോണ്‍സുലേറ്റില്‍ പോയിരുന്നു. തന്റെ വിവാഹത്തിനുള്ള രേഖകള്‍ ശേഖരിക്കുന്നതിനായാണ് ഖഷഗ്ജി കോണ്‍സിലേറ്റില്‍ എത്തിയത്.

കോണ്‍സുലേറ്റില്‍ പ്രവേശിച്ചപ്പോള്‍ പരിചിതരായ ചിലര്‍ ഖഷഗ്ജിയെ സ്വീകരിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ദയവായി ഇരിക്കൂ. ഞങ്ങള്‍ക്ക് താങ്കളെ റിയാദിലേക്ക് തിരികെ കൊണ്ടുപോകണം'. സൗദിയിലെ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അംഗരക്ഷകനുമായ മഹേര്‍ അബ്ദുല്‍ അസീസ് മുത്രെബ് പറഞ്ഞു.

'താങ്കളെ അന്വേഷണ ഏജന്‍സിക്ക് മുന്നില് ഹാജരാക്കണമെന്ന് ഇന്റര്‍പോളില്‍ നിന്നും ഒരു ഉത്തരവ് ഉണ്ട്. താങ്കളെ കൊണ്ടുപോകാനാണ് ഞങ്ങള്‍ എത്തിയത്.' മുത്രെബ് പറഞ്ഞതായി തുര്‍ക്കി പത്രം റിപ്പോര്‍ട്ട് ചെയ്തു.

'എനിക്കെതിരെ കേസുകളൊന്നുമില്ല. എന്റെ പ്രതിശ്രുതവധു എനിക്കുവേണ്ടി പുറത്ത് കാത്തിരിക്കുന്നു.' ഖഷഗ്ജി പ്രതികരിച്ചു. കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് താന്‍ മാധ്യമ പ്രവര്‍ത്തകരുടെ അടുത്തെത്താന്‍ വൈകിയാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മകന് സന്ദേശം അയക്കാന്‍ മുത്രെബ് ഖഷോഗിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ സന്ദേശം അയക്കാന്‍ ഖഷഗ്ജി വിസമ്മതിച്ചു. ഇതോടെ ഖഷ്ഗ്ജിയെ മത്രേബ് ഭീഷണി സ്വരത്തില്‍ നിര്‍ബന്ധിച്ചതായും തുര്‍ക്കി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഖഷഗ്ജിക്ക് മയക്കുമരുന്ന് നല്‍കി. 'എനിക്ക് ആസ്ത്മയുണ്ട്, നിങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കരുത്' ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.

ഖഷ്ഗ്ജിയുടെ മൃതദേഹം ഛേദിച്ചത് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.39 ന് ആണെന്ന് ഓഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നടപടിക്രമം 30 മിനിറ്റ് നീണ്ടുനിന്നു. ഖഷഗ്ജിയുടെ കൊലപാതകം സൗദി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കൊലപാതകം എന്ന് തുര്‍ക്കി ആരോപിച്ചു. ഈ ആരോപണത്തെ ശരിവയ്ക്കുന്നതാണ് തുര്‍ക്കി പത്രം പുറത്ത് വിട്ട ഓഡിയോ വിവരങ്ങള്‍. കൊലപാതകത്തിന് കിരീടാവകാശി മുഹമ്മദ് ഉത്തരവിട്ടതായി സിഐഎയുടെ നിഗമനം. റിയാദിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചു.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായ ഖഷഗ്ജിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

സൗദി ഭരണകൂടം മുന്‍കൂട്ടി ആസുത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്ന് തുര്‍ക്കി ആരോപിക്കുന്ന സംഭവത്തിനു പിന്നാലെ കോണ്‍സുലേറ്റ് കെട്ടിടത്തില്‍വച്ചുതന്നെ ഖഷഗ്ജിയുടെ മൃതദേഹം തുണ്ടംതുണ്ടമാക്കി തെളിവുകള്‍ അവശേഷിപ്പിക്കാത്തവിധം നശിപ്പിച്ചിരുന്നു. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തുടക്കത്തില്‍ നിഷേധിച്ച സൗദി പിന്നീട് നിലപാട് മാറ്റുകയും കൊല്ലപ്പെട്ടതായി സമ്മതിക്കുകയുമായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൗദി അവകാശപ്പെട്ടത്.

സൗദിയുടെയും തുര്‍ക്കിയുടെയും സംയുക്ത അന്വേഷണസംഘം കോണ്‍സുലേറ്റിലും കോണ്‍സുല്‍ ജനറലിന്റെ വസതിയിലും മറ്റു നിരവധിയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഖഷഗ്ജിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

Tags:    

Similar News