'ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ചു, മുസ് ലിംകള്‍ സാഹോദര്യത്തിന്റെ സന്ദേശ വാഹകര്‍'; നമസ്‌കരിക്കാന്‍ ഗുരുദ്വാര അനുവദിച്ചതിനെ കുറിച്ച് സിഖ് നേതാവ്

'പൊതു സ്ഥലത്ത് കന്‍വര്‍ യാത്രയും നഗര്‍ കീര്‍ത്തനവും നടത്താന്‍ അനുമതിയുണ്ട്. പൊതുസ്ഥലത്തോ തുറസ്സായ സ്ഥലത്തോ നമസ്‌കരിക്കുന്നതില്‍ പ്രശ്‌നമെന്താണ്'. ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി വക്താവ് ദയാ സിംഗ് ചോദിച്ചു.

Update: 2021-11-20 13:29 GMT

ഗുഡ്ഗാവ്: 1984ലെ കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ച മുസ് ലിംകള്‍ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കിയവരാണെന്ന് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി വക്താവ് ദയാ സിംഗ്. ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്‌ലിങ്ങള്‍ക്ക് വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ സ്ഥലം അനുവദിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


'പൊതു സ്ഥലത്ത് കന്‍വര്‍ യാത്രയും നഗര്‍ കീര്‍ത്തനവും നടത്താന്‍ അനുമതിയുണ്ട്. പൊതുസ്ഥലത്തോ തുറസ്സായ സ്ഥലത്തോ നമസ്‌കരിക്കുന്നതില്‍ പ്രശ്‌നമെന്താണ്. 1984 ലെ കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ചുകൊണ്ട് മുസ്‌ലിംകള്‍ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഗുഡ്‌വാറിലെ ഗുരുദ്വാരകളില്‍ വെള്ളിയാഴ്ച നമസ്‌കരിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് വാതില്‍ തുറക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, മില്ലേനിയം സിറ്റിയിലെ ഗുരുദ്വാരകളില്‍ ഇന്ന് ജുമുഅ നമസ്‌കാരം നടന്നിരുന്നില്ല. ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് ഗുര്‍പുരാബ് നടക്കുന്നതിനാല്‍ ഗുരുദ്വാരകളില്‍ ജുമുഅ നമസ്‌കരിക്കുന്നില്‍ നിന്ന് മുസ് ലിംകള്‍ സ്വയം മാറി നില്‍ക്കുകയായിരുന്നെന്ന് ഗുരുദ്വാര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അടുത്തയാഴ്ച ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നും സമിതി അറിയിച്ചു.

'മുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നമാസിന് സ്ഥലം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. അവരെ ഇവിടെ നമസ്‌കരിക്കാന്‍ അനുവദിക്കും. ഗുര്‍പുരാബ് കാരണം മുസ്‌ലിംകള്‍ തന്നെ നമസ്‌കാരത്തില്‍ സ്വയം പിന്മാറി. ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി വക്താവ് ദയാ സിംഗ് എഎന്‍ഐ ന്യൂസിനോട് പറഞ്ഞു.

അതിനിടെ, പ്രദേശവാസിയായ ലഖിറാം യെദുവന്‍ഷി നമസ്‌കരിക്കാന്‍ തന്റെ ഭൂമി വാഗ്ദാനം ചെയ്തു. 'മുസ്‌ലിം ഏകതാ മഞ്ച് ചെയര്‍മാനോട് നമസ്‌കരിക്കുന്നതിന് ഭൂമി വാഗ്ദാനം ചെയ്യുന്നതിനായി ഞാന്‍ ബന്ധപ്പെട്ടു. പ്രദേശത്ത് സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. മുസ് ലിം സഹോദരങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ ഞാന്‍ എന്റെ പ്ലോട്ട് വാഗ്ദാനം ചെയ്യുന്നു,' യെദുവന്‍ഷി പറഞ്ഞു. .

ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്‌ലിങ്ങള്‍ക്ക് വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ അഞ്ച് ഗുരുദ്വാരകളാണ് സ്ഥലം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ ഹിന്ദു യുവാവ് തന്റെ ഷോപ്പും വിട്ടു നല്‍കിയിരുന്നു. ഒരേ സമയം 2000 മുതല്‍ 2500 വരേ ആളുകളെ ഉള്‍ക്കൊള്ളുന്ന ഗുരുദ്വാരയാണ് മുസ് ലിംകള്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിട്ടുനല്‍കിയത്.

ഗുരു സിംഗ് സഭ ഗുരുദ്വാരയാണ് മുസ് ലിംകളെ സ്വാഗതം ചെയ്തത്. ഗുരു സിംഗ് സഭയുടെ കീഴില്‍ അഞ്ച് വലുതും ചെറുതുമായ ഗുരുദ്വാരകളുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ഇവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. മുസ് ലിംകള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഗുരുദ്വാരകള്‍ ജുമുഅ നിര്‍വഹിക്കാന്‍ ഉപയോഗിക്കാമെന്ന് ഗുരു സിംഗ് സഭ അധികൃതര്‍ അറിയിച്ചു.

എല്ലാ മതവിശ്വാസികള്‍ക്കും പ്രാര്‍ത്ഥനയ്ക്കായി പരിസരം ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് ഗുരുദ്വാര ഗുരു സിംഗ് സഭയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സന്ധു പറഞ്ഞു. മുസ്‌ലിം സമൂഹം സ്ഥലപരിമിതി മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു, അതിനാല്‍ അവര്‍ക്ക് ഞങ്ങളുടെ അഞ്ച് ഗുരുദ്വാരകളുടെ പരിസരം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കാം. എല്ലാ മതങ്ങളും ഒന്നാണ്, ഞങ്ങള്‍ക്ക് മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ ഏകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എല്ലാവരെയും സഹായിക്കാന്‍ സിഖ് സമൂഹം എപ്പോഴും തയ്യാറാണെന്നും സഭയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെപി സിംഗ് പറഞ്ഞു. 'എല്ലാവര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ഗുരുദ്വാര പരിസരത്ത് പ്രാര്‍ത്ഥിക്കാന്‍ സ്വാഗതം,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ സെക്ടര്‍ 12ല്‍ നമസ്‌കാരം തടസ്സപ്പെടുത്തുന്നുണ്ട്. നമസ്‌കരിച്ചിരുന്ന സ്ഥലത്ത് ചാണകം നിരത്തിയും പൂജകള്‍ നടത്തിയുമാണ് ജുമുഅ തടസ്സപ്പെടുത്തിയത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

ഒക്ടോബര്‍ 29 ന്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് 35 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികള്‍ സെക്ടര്‍ 12 സൈറ്റില്‍ നിന്ന് സ്ഥലം മാറ്റാന്‍ സമ്മതിച്ചു. ജുമുഅ നിര്‍വഹിക്കാന്‍ മറ്റൊരു സ്ഥലം അനുവദിക്കണമെന്നും വഖഫ് ബോര്‍ഡ് സ്വത്തുക്കളില്‍ നിന്നുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പള്ളികളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി മുസ് ലിം സമുദായ നേതൃത്വം മറ്റ് നിയുക്ത സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതിന് പോലിസ് സംരക്ഷണം തേടി.

കഴിഞ്ഞ രണ്ട് മാസമായി ഹിന്ദു സംഘര്‍ഷസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗുഡ്ഗാവില്‍ ജുമുഅ തടസ്സപ്പെടുത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അക്ഷയ് പറയുന്നത്.

'ഞാന്‍ എന്റെ കൂട്ടുകാരനായ തൗഫീഖ് അഹമ്മദിനോട് എന്റെ വീടിനടുത്ത് ഒഴിഞ്ഞ മുറിയുണ്ടെന്നും അവിടെ വെച്ച് നിസ്‌കരിക്കാന്‍ സൗകര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഈ പ്രദേശത്തെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ധാരാളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ പൗരനും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും ഭരണഘടന പറയുന്നു. സമുദായങ്ങള്‍ക്കിടയിലുള്ള സമാധാനവും ഐക്യവും മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' അക്ഷയ് പറയുന്നു.

ഹിന്ദു സംഘര്‍ഷസമിതി പ്രവര്‍ത്തകര്‍ നിസ്‌കാരം മുടക്കിയ കഴിഞ്ഞ വെള്ളിയാഴ്ച 15ഓളം പേര്‍ ഹിന്ദു യുവാവ് അനുവദിച്ച സ്ഥലത്ത് ജുമുഅ നിര്‍വഹിച്ചു.

കുറച്ച് കാലമായി കടമുറി ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് യാദവ് പറയുന്നത്. താനൊരു ബിസിനസുകാരന്‍ മാത്രമാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുമുഅ നടത്താന്‍ ഇനിയും സ്ഥലമാവശ്യമായി വരികയാണെങ്കില്‍ മറ്റൊരിടത്തുള്ള തന്റെ വീടും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അക്ഷയ് പറയുന്നു.

നേരത്തെ, ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ജുമുഅ തടസ്സപ്പെടുത്തിയിരുന്നു. ഇവര്‍ നിസ്‌കരിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് പണിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

Tags:    

Similar News