രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്; സുപ്രിംകോടതി ഇടപെട്ടില്ല, ബിജെപി നേതാവ് ഹരജി പിന്‍വലിച്ചു
രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മല്‍സരിക്കാനാവില്ലെന്ന് ഭരണഘടനാസ്ഥാപനമായ കോടതിക്ക് എങ്ങനെ പറയാനാവുമെന്നും സുപ്രിംകോടതി ചോദിച്ചു

ന്യൂഡല്‍ഹി: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഇതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചു. രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മല്‍സരിക്കാനാവില്ലെന്ന് ഭരണഘടനാസ്ഥാപനമായ കോടതിക്ക് എങ്ങനെ പറയാനാവുമെന്നും സുപ്രിംകോടതി ചോദിച്ചു. എന്നാല്‍, രണ്ടു കുട്ടികള്‍ നയം ആഭ്യന്തര മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും പരിഗണനയിലാണെന്നും ഹരജി തള്ളിയാല്‍ നയം പരിഗണിക്കണോയെന്ന് രണ്ടു വകുപ്പുകളും ചിന്തിച്ചേക്കുമെന്നും ഇതിനാലാണ് പരിഗണിക്കാതിരുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. സര്‍ക്കാര്‍ തൊഴില്‍, പദ്ധതികള്‍, സബ്‌സിഡികള്‍ തുടങ്ങിയവയ്ക്ക് അര്‍ഹരാവണമെങ്കിലും രണ്ടു കുട്ടികള്‍ നയം നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നയം പിന്തുടരാത്തവരുടെ വോട്ട് ചെയ്യല്‍, മല്‍സരിക്കുക തുടങ്ങി പൗരന്മാരുടെ നിയമപ്രകാരമുള്ള അവകാശങ്ങള്‍ പിന്‍വലിക്കണം, എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ച 'ആരോഗ്യ ദിവസമായി' ആചരിക്കണം, രാജ്യത്ത് എല്ലാവര്‍ക്കും വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിരുന്നു.