തുടര്‍ച്ചയായ പീഡനം, പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; പത്മശീ അവാര്‍ഡ് ജേതാവായ സന്യാസിക്കു നേരെ പീഡനാരോപണം
കൊല്‍ക്കത്ത: പത്മശീ അവാര്‍ഡ് ജേതാവും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്ന സന്യാസിയുമായ കാര്‍ത്തിക് മഹാരാജിനെതിരേ പീഢനാരോപണം. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. ബംഗാള്‍ സ്വദേശിനിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാരത് സേവാശ്രമം സംഘത്തിലെ സന്യാസിയായ മഹാരാജ്, മുര്‍ഷിദാബാദിലെ ഒരു ആശ്രമത്തിലേക്ക് തന്നെ കൊണ്ടുപോയി, അതിനടുത്തുള്ള ഒരു സ്‌കൂളില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്തുവെന്നും ആശ്രമത്തില്‍ താമസ സൗകര്യവും നല്‍കിയെന്നും സ്ത്രീ പറയുന്നു. എന്നാല്‍ ഒരു ദിവസം തന്റെ മുറിയിലേക്കു വന്ന സന്യാസി തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് അവര്‍ പറയുന്നു. 2013 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും സന്യാസി തന്നെ ബലാല്‍സംഗം ചെയ്‌തെന്നും യുവതി പോലിസില്‍ മൊഴി നല്‍കി.
ഭയവും നിസ്സഹായതയും കൊണ്ടാണ് ഇത്രയും വര്‍ഷമായി താന്‍ മൗനം പാലിച്ചതെന്നും പോലിസിനെ സമീപിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.കൊല്‍ക്കത്തയിലെ ലോ കോളജില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെയാണ് ഇങ്ങനെയൊരു പരാതിയും പുറത്തു വരുന്നത്.