പരിപാടി ഇവിടെയെങ്കിൽ, എന്തു വേണം, വേണ്ട എന്ന് തീരുമാനിക്കേണ്ടി വരും; പരിസ്ഥിതിദിന പരിപാടി മാറ്റിവച്ച സർക്കാർ നിലപാടിനെതിരേ രാജ്ഭവൻ

Update: 2025-06-05 07:24 GMT

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താനാവില്ലെന്നു പറഞ്ഞ് പരിസ്ഥിതി ദിനാഘോഷ പരിപാടി മാറ്റിവച്ച സർക്കാർ നിലപാടിൽ വിശദീകരണവുമായി രാജ്ഭവൻ. രാജ്ഭവനിൽ ഒരു പരിപാടി നടക്കുമ്പോൾ അവിടെ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അർഹത രാജ്ഭവനാണെന്നാണ് വിശദീകരണം. സർക്കാർ ഭാരതാംബയുടെ ഫോട്ടോ തൽസ്ഥാനത്തു നിന്നു മാറ്റണം എന്നാവശ്യപ്പെട്ടെന്നും അതിന് സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ പരിപാടി മാറ്റുകയായിരുന്നെന്നും ഗവർണർ പറഞ്ഞു.

അതേ സമയം, ഗവർണറുടെ സങ്കുചിത താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തി. രാജ്ഭവനിൽ ഇരുന്നു കൊണ്ട് ഗവർണർ ഇത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലെന്നും ഭരണഘടനാ ലംഘനം സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഹ്യശക്തികൾ രാജ്ഭവനെ നിയന്ത്രിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

രാജ്ഭവൻ ആർഎസിഎസിൻ്റെ കേന്ദ്രമല്ലെന്നും ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Tags: