
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിയിലെ സയ്യിദ് സലാര്‍ മസൂദ് ഗാസിയുടെ ദര്‍ഗയിലെ വാര്‍ഷിക ആഘോഷത്തിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് ശരിവച്ചു. നാളെ മുതല്‍ നടക്കാനിരുന്ന ജേഠ് മേളയ്ക്കാണ് അനുമതി നിഷേധിച്ചത്. എന്നിരുന്നാലും, പതിവ് മതപരമായ ചടങ്ങുകള്‍ക്കായി ആളുകള്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ എ ആര്‍ മസൂദി, സുഭാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
നൂറ്റാണ്ടുകളായി ദര്‍ഗയില്‍ നടന്നുവരുന്ന ജേഠ് മേളയ്ക്ക് 2025 ഏപ്രില്‍ 26നാണ് ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചത്. പരിപാടി ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. മേള നടത്താന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. ഇത് അംഗീകരിച്ചാണ് പോലിസ് റിപോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്ത് ദര്‍ഗ കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സാംസ്‌കാരിക-വാണിജ്യ സവിശേഷതകളുള്ള ജേഠ് മേള നടത്തുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചിരുന്നു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഗാസി ജനിച്ചത്.
അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഗാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിതപോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഗാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.
ബഹ്‌റൈച്ചിയിലാണ് സയ്യിദ് സലാര്‍ മസൂദ് ഗാസിയുടെ ദര്‍ഗയുള്ളത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലക്കാണ് (ക്രി.ശേ 1309-1388) ഈ ദര്‍ഗ നിര്‍മിച്ചത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ചര്‍മരോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.