'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

Update: 2025-07-06 03:29 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമയായ 'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ പതിനൊന്ന് സിനിമ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം.


Full View

കൊലപാതകത്തിന് കാരണമായ പ്രമേയം തന്നെയാണ് സിനിമയില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മനസിലായതെന്ന് ഹരജി പറയുന്നു. സിനിമ റിലീസ് ചെയ്യുന്നത് വര്‍ഗീയ സംഘര്‍ഷം രൂപപ്പെടാന്‍ കാരണമാവും. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. വാരാണസി കോടതിയുടെയും സുപ്രിംകോടതിയുടെയും പരിഗണനയിലുള്ള ഗ്യാന്‍വ്യാപി പള്ളിക്കേസിനെ കുറിച്ചും സിനിമയില്‍ പരാമര്‍ശമുണ്ട്. ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വര്‍ഗീയ വിദ്വേഷ പ്രസ്താവനയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിനിമയെന്നും ഹരജി പറയുന്നു.