ജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്: മാറ്റണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തന്നെയാണ് താമസമെന്നും ഒഴിപ്പിക്കണമെന്നും സുപ്രിംകോടതി ഭരണവിഭാഗം. കൃഷ്ണമേനോന്‍ മാര്‍ഗിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവ് ഒഴിപ്പിക്കണമെന്നാണ് സുപ്രിംകോടതി ഭരണവിഭാഗം കേന്ദ്ര ഭവനകാര്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രചൂഡിന് ഈ ബംഗ്ലാവ് ഉപയോഗിക്കാനുള്ള അനുമതി മേയ് 31ന് അവസാനിച്ചെന്നും ഭരണവിഭാഗം ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയില്‍ പുതുതായി ചുമതലയേറ്റ ജഡ്ജിമാര്‍ക്ക് വസതി ലഭിച്ചിട്ടില്ലെന്നും അവരെല്ലാം ഗസ്റ്റ് ഹൗസുകളിലാണ് താമസമെന്നും ഭരണവിഭാഗം പറയുന്നു.
ഭിന്നശേഷിക്കാരായ രണ്ടുമക്കള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ വേണ്ടതിനാലാണ് താമസം മാറാന്‍ വൈകിയതെന്നും അക്കാര്യം സുപ്രിംകോടതിയെ അറിയിച്ചിരുന്നതായും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. '' എന്റെ പെണ്‍മക്കള്‍ക്ക് ഗുരുതരമായ രോഗങ്ങളും ജനിതക പ്രശ്‌നങ്ങളും ഉണ്ട് - പ്രത്യേകിച്ച് നെമാലിന്‍ മയോപ്പതി. എയിംസിലെ സ്‌പെഷ്യലിസ്റ്റുകളാണ് അവരെ ചികിത്സിക്കുന്നത്. ഇത് എന്റെ വ്യക്തിപരമായ പ്രശ്‌നമാണെന്ന് എനിക്ക് പൂര്‍ണ്ണമായും മനസ്സിലാകും. പക്ഷേ, ഒരു വീട് അന്വേഷിക്കാന്‍ എനിക്ക് ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ വ്യക്തമാക്കണം, ഇത് ഞാന്‍ സുപ്രിം കോടതിയിലെ ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്.''-ചന്ദ്രചൂഡ് പറഞ്ഞു.
