''ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടുതല്‍ പിന്തുണ ലഭിക്കുന്നു'': കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ടും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പതിനൊന്നാം വര്‍ഷത്തെ വിലയിരുത്തലിന്റെ ഭാഗമായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ റിജിജു ഇങ്ങനെ അവകാശപ്പെട്ടത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഹജ്ജ് പ്രക്രിയ സുതാര്യമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. 2014ല്‍ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.36 ലക്ഷമായിരുന്നു. 2025ല്‍ അത് 1.75 ലക്ഷമായത് വലിയ നേട്ടമാണ്. മുസ്‌ലിം സമുദായത്തിന് നീതി നല്‍കാനാണ് വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതം 1,575 കോടിയില്‍ നിന്നും 678.03 കോടിയാക്കി കുറച്ചതിനെ മന്ത്രി ന്യായീകരിച്ചു. അത് വിഹിതം വെട്ടിക്കുറച്ചതല്ല, ചെലവിന്റെ ഒരു ഭാഗം സംസ്ഥാനസര്‍ക്കാരുകള്‍ വഹിക്കണമെന്ന വ്യവസ്ഥ മൂലം സംഭവിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു.