യാത്രക്കാരന്റെ ദാരുണാന്ത്യം സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം മൂലം: എസ് ഡിപിഐ

Update: 2020-03-04 13:00 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ സ്തംഭിപ്പിച്ച് നടത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും തലസ്ഥാനത്ത് ഉണ്ടായിരിക്കെ വളരെവേഗം ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു സര്‍ക്കാരിന്റെ രണ്ടു വകുപ്പുകളുമായി ബന്ധപ്പെട്ട തര്‍ക്കം. എന്നാല്‍ തലസ്ഥാനത്തെ ജനജീവിതം നാലു മണിക്കൂറിലധികം താറുമാറാക്കി കെഎസ് ആര്‍ടിസി ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയ പണിമുടക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തില്ല. ദീര്‍ഘദൂര യാത്രക്കാരും ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തിയ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊരിവെയിലില്‍ മണിക്കൂറുകളോളം പെരുവഴിയിലായി. യാത്രക്കാരെ വഴിയോരങ്ങളില്‍ ഇറക്കിവിട്ടാണ് ജീവനക്കാര്‍ സമരത്തില്‍ പങ്കാളികളായത്. ഇത്ര ഗുരുതരമായ പ്രശ്‌നം തിരുവനന്തപുരം നഗരത്തെ വിറപ്പിക്കുമ്പോഴും ശീതീകരിച്ച മുറിയില്‍ നിസ്സംഗതയോടെയിരുന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മനോജ് കുമാര്‍ വ്യക്തമാക്കി.




Tags:    

Similar News