വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ജാഗ്രത പാലിക്കണം-റോയ് അറയ്ക്കല്‍

Update: 2024-04-25 09:33 GMT

തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് ഭക്ഷണ കിറ്റും പണവും നല്‍കി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ പൗരസമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 2000ത്തിലധികം കിറ്റുകള്‍ പിടികൂടിയ സംഭവം ഗൗരവതരവും അതിലേറെ ലജ്ജാകരവുമാണ്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ നടന്ന സംഭവം ഏറെ ഗൗരവമര്‍ഹിക്കുന്നു. കഴിഞ്ഞ തവണ കോടികളുടെ കള്ളപ്പണമൊഴുക്കിയ കൊടകര കേസില്‍ സുരേന്ദ്രനെതിരേ ആരോപണം വന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലും മഞ്ചേശ്വരത്തും സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കോഴക്കേസും കുറ്റപത്രവും ഒക്കെയുണ്ടായെങ്കിലും ഒരിക്കല്‍ പോലും അറസ്റ്റു ചെയ്യാന്‍ കേരളാ പോലീസ് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളാ പോലീസ് സുരേന്ദ്രനും ബിജെപി നേതാക്കള്‍ക്കും എതിരേയുള്ള കേസുകളില്‍ തുടരുന്ന വിധേയത്വം ഏതു തരം അതിക്രമങ്ങള്‍ക്കും ജനാധിപത്യ അട്ടിമറികള്‍ക്കുമുള്ള പിന്തുണയായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതിയുക്തമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഏതൊരു നീക്കത്തെയും തടയാന്‍ പൗരസമൂഹം ജാഗ്രത പാലിക്കണമെന്നും റോയ് അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Tags: