രാജ്യത്തെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

Update: 2019-04-10 07:36 GMT

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ആന്ധ്രാപ്രദേശ്(25), തെലങ്കാന(17) സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലുമാണ്(അഞ്ച്) നാളെ വോട്ടെടുപ്പ് നടക്കുക. സിക്കിം(ഒന്ന്), അരുണാചല്‍ പ്രദേശ്(രണ്ട്)എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലും നാളെ തിരഞ്ഞെടുപ്പുണ്ടാവും.

വിവിധ ഘട്ടങ്ങളായി പോളിങ് നടക്കുന്ന മഹാരാഷ്ട്രയിലെ ഏഴും ഉത്തര്‍പ്രദേശിലെ എട്ടും ബിഹാറിലെയും ഒഡിഷയിലെയും നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും. കൂടാതെ, 11 മണ്ഡലങ്ങലുള്ള ഛത്തീസ്ഗഢിലെ മാവോവാദി സ്വാധീന മേഖലയായ ബസ്തറിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.

ജനവിധിതേടി നിരവധി പ്രമുഖരാണ് ആദ്യഘട്ടത്തിലുള്ളത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു, കേന്ദ്രമന്ത്രിയും കരസേന മുന്‍ മേധാവിയുമായ വി കെ സിങ്, കേന്ദ്ര വ്യോമയാനമന്ത്രി ഡോ. മഹേഷ് ശര്‍മ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.



Tags: