'തനിക്കാക്കി വെടക്കാക്കാന്‍' സംഘപരിവാറിന്റെ മദ്‌റസകള്‍ വരുന്നു

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലാണ് ആദ്യ മദ്‌റസ നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനുവേണ്ട ഭൂമി ഏറ്റെടുത്തു. ദേവ ഭൂമിയെന്ന് പേരിട്ട സ്ഥലത്ത് കെട്ടിടനിര്‍മാണം വൈകാതെ തുടങ്ങും.

Update: 2019-05-20 06:19 GMT

ഡെറാഡൂണ്‍: രാജ്യത്താകമാനം മദ്‌റസകള്‍ സ്ഥാപിക്കാനൊരുങ്ങി സംഘപരിവാര്‍ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലാണ് ആദ്യ മദ്‌റസ നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനുവേണ്ട ഭൂമി ഏറ്റെടുത്തു. ദേവ ഭൂമിയെന്ന് പേരിട്ട സ്ഥലത്ത് കെട്ടിടനിര്‍മാണം വൈകാതെ തുടങ്ങും. ആദ്യഘട്ടത്തില്‍ 50 പെണ്‍കുട്ടികള്‍ക്കാണ് മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച സിലബസില്‍ പ്രവേശനം നല്‍കുന്നത്.

മുസ്‌ലിം സമുദായത്തെ ഭീകരസംഘടനകള്‍ സ്വാധീനിക്കുന്നുവെന്ന വ്യാജ ആരോപണം ഉയര്‍ത്തിയാണ് മദ്‌റസകള്‍ സ്ഥാപിക്കുന്നത്. രാജ്യത്ത് വിവിധ മുസ്‌ലിം സംഘടനകള്‍ തുടര്‍ന്ന് പോവുന്ന മദ്‌റസ വിദ്യാഭ്യാസത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണിത്. ദേശീയതയിലൂന്നിയതും ശാസ്ത്ര സാങ്കേതിക സംബന്ധിയുമായ സിലബസാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് തയ്യാറാക്കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കംപ്യൂട്ടറുമെന്ന പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ഉത്തരാഖണ്ഡ് നേതാവ് സീമ ജാവേദ് പറയുന്നത്. അതേസമയം, ബിജെപി ഭരിക്കുന്ന അസമില്‍ 2017 ല്‍ മദ്‌റസകള്‍ക്ക് വെള്ളിയാഴ്ചകളില്‍ അവധി നല്‍കുന്നത് നിര്‍ത്തലാക്കുകയും മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

Tags:    

Similar News