മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹം: രാഹുല്‍ ഗാന്ധി

Update: 2025-01-15 11:34 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച ദിവസമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലെ കോട്ല റോഡിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഗാന്ധി ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകവെയാണ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന.

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഉണര്‍ത്തി സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തിന് വഴികാട്ടാനുമാണ് രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചതെന്നും അയോധ്യയില്‍ രാമപ്രതിഷ്ഠ നടത്തിയപ്പോള്‍ അപസ്വരങ്ങളൊന്നും ഉണ്ടായില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

മോഹന്‍ഭാഗവത് ഉന്നയിക്കുന്ന കാര്യങ്ങള്‍ പരമ വിഡ്ഢിത്തമാണെന്നും വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചേനെ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഭരണഘടനയെ അസാധുവാക്കി കളയുന്ന പ്രസ്ഥാവനയാണ് മോഹന്‍ഭാഗവിന്റേതെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.

Tags: