മോദി രാജ്യതാല്‍പര്യം സംരക്ഷിക്കണമെന്ന് രാഹുല്‍; ജനങ്ങളാണ് രാജാക്കള്‍

പാര്‍ട്ടിയുടെ ദയനീയ പരാജയത്തെക്കുറിച്ച് വിശദമാക്കാനുള്ള സമയമല്ല ഇതെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ തവണ 44 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ അത് 52ല്‍ എത്തിക്കാനേ കഴിഞ്ഞുള്ളു.

Update: 2019-05-23 14:51 GMT

ന്യൂഡല്‍ഹി: ഗംഭീര വിജയത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. മോദി രാജ്യതാല്‍പര്യത്തിന് പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേത്തിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ പതിറ്റാണ്ടുകളായി തന്റെ കുടുംബത്തോടൊപ്പം നിന്ന മണ്ഡലത്തെ, സ്‌നേഹത്തോടെ പരിപാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അത് തനിക്കും പാര്‍ട്ടി നേതൃത്വത്തിനും ഇടയിലുള്ള കാര്യമാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

പാര്‍ട്ടിയുടെ ദയനീയ പരാജയത്തെക്കുറിച്ച് വിശദമാക്കാനുള്ള സമയമല്ല ഇതെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ തവണ 44 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ അത് 52ല്‍ എത്തിക്കാനേ കഴിഞ്ഞുള്ളു.

രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടതില്‍ മോദിയെ അഭിനന്ദിച്ച രാഹുല്‍ ജനങ്ങളാണ് രാജാക്കളെന്ന് അഭിപ്രായപ്പെട്ടു. ഭയപ്പെടരുതെന്നും ക്രമേണ തങ്ങള്‍ വിജയത്തിലെത്തുമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത് ആശയ പോരാട്ടമാണ്.

കഴിഞ്ഞ വര്‍ഷം അവസാനം രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ പരാജയപ്പെടുത്തിയപ്പോള്‍ മോദിയെ താഴെയിറക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍, മോദിയുടെ വീഴ്ച്ചകളും പാര്‍ട്ടി നിലപാടുകളും പൂര്‍ണമായും ജനങ്ങളിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതിനേക്കാളുപരി ഉത്തര്‍പ്രദേശ് പോലുള്ള പ്രധാന സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നതില്‍ പരാജയപ്പെട്ടതോ അതിന് ശ്രമിക്കാതിരുന്നതോ ആണ് കോണ്‍ഗ്രസിനെ ഇത്രയും വലിയ പരാജയത്തിലേക്കു നയിച്ചത്. മോദിക്കെതിരേ ശക്തമായ ഒരു പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നതിന് പകരം ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോവുകയായിരുന്നു കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിലയിരുത്തുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുമെന്നും രാഹുല്‍ പറഞ്ഞു.  

Tags: