ഡിഐജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം; എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

എല്‍ദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. 40,500 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Update: 2019-10-22 12:05 GMT

കൊച്ചി: ഡിഐജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം. നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന പോലിസ് ആവശ്യം എറണാകുളം സിജെഎം കോടതി തള്ളി. എല്‍ദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. 40,500 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കേസില്‍ പ്രതികളായ എല്‍ദോ എബ്രാഹം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു. എംഎല്‍എയെ കൂടാതെ ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഞാറയ്ക്കല്‍ ആശുപത്രിയ്ക്കുമുന്നില്‍ ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ ജില്ലാ കമ്മിറ്റി ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ സിപിഐ മാര്‍ച്ചിനു നേരെ ലാത്തി ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. പോലിസ് നടപടിയില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റതോടെയാണ് സംഭവം വിവാദമായത്. പോലിസ് നടപടിക്കെതിരേ സിപിഐ പരസ്യമായി നിലപാട് എടുത്തതോടെ സര്‍ക്കാരിലും മന്ത്രിസഭാ യോഗത്തിലും വരെ നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിന് വഴിവച്ചിരുന്നു.


Tags:    

Similar News