ജിഎസ്ടി നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ; വരുമാനം കുറഞ്ഞതിന്റെ കണക്കുമായി കേന്ദ്രം

ജൂലായിലെ 87,422 കോടി വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 16,147 കോടിയും സംസ്ഥാന ജിഎസ്ടി 21,418 കോടിയും

Update: 2020-08-02 01:11 GMT

ന്യൂഡൽഹി: സംസ്ഥാനങ്ങൾ ഈ വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയതിന് പിന്നാലെ ജിഎസ്ടി വരുമാനം കുറഞ്ഞുവരുന്നതിന്റെ കണക്കുമായി കേന്ദ്രം. ജൂണിൽ 90,917 കോടി രൂപ ജിഎസ്ടിയായി ലഭിച്ചിരുന്നു. കഴിഞ്ഞമാസം അത് 87,422 കോടിയായി കുറഞ്ഞു. കൊവിഡ് കാരണം വ്യാപാര വ്യവസായ രംഗത്തുള്ള പ്രതിസന്ധിയുടെ ലക്ഷണം കൂടിയാണിത്. ഏപ്രിലിൽ 32,172 കോടിയും മേയിൽ 62,009 കോടിയും ആയിരുന്നു ജിഎസ്ടി വരുമാനം.

ജിഎസ്ടി വരുമാനം കുറഞ്ഞാൽ സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥയനുസരിച്ച് കഴിഞ്ഞ കൊല്ലത്തെ കുടിശ്ശിക മാത്രമേ കേന്ദ്രം നൽകിയിട്ടുള്ളൂ. നടപ്പു സാമ്പത്തികവർഷത്തെ കുടിശ്ശിക നൽകാൻ പണമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എന്തു ചെയ്യണമെന്ന് ആലോചിക്കാൻ ജിഎസ്ടി കൗൺസിൽ യോഗം വൈകാതെ ചേരും.

ജൂലായിലെ 87,422 കോടി വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 16,147 കോടിയും സംസ്ഥാന ജിഎസ്ടി 21,418 കോടിയും ഇന്റഗ്രേറ്റഡ് ജിഎസ്ടി (സംസ്ഥാനാന്തര,ഇറക്കുമതി ഉത്പന്നങ്ങൾക്കുമേലുള്ളത്) 42,592 കോടിയുമാണ്. ജിഎസ്ടി കുറഞ്ഞത് പ്രധാനമായും ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു-കശ്മീർ എന്നിവിടങ്ങളിലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ സ്ഥിതി താരതമ്യേന മെച്ചമായിരുന്നു.

കഴിഞ്ഞ വർഷം ജൂലായിൽ 1,02,082 കോടിയും ഏപ്രിലിൽ 1,13,865 കോടിയും ആയിരുന്നു ജിഎസ്ടി വരുമാനം. ഇക്കൊല്ലം ഏപ്രിലിൽ കൊവിഡ് കാരണം അത് 32,172 ആയി കുറഞ്ഞു.

Similar News