കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏല്‍പ്പിച്ച സംഭവം: വിവാദമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി; മറുപടിയുമായി പോപുലര്‍ ഫ്രണ്ട്

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സംസ്‌കരിക്കുന്നത്. ഇതര മതസ്ഥരുടെ അടക്കം നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇതിനകം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്.

Update: 2020-06-03 08:01 GMT

മുംബൈ: കൊറോണ വൈറസ് ബാധിതരായി മരണപ്പെടുന്ന മുസ് ലിംകളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിനെ സമീപിക്കണമെന്ന് ഗ്രെറ്റർ  മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് വിവാദമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഉത്തരവിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. ഉത്തരവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോജിക്കുന്നുണ്ടോ എന്നും യോജിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമോ എന്നും ഫഡ്‌നാവിസ് ചോദിച്ചു. മെയ് 18ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിവാദമാക്കിയത്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സംസ്‌കരിക്കുന്നത്. ഇതര മതസ്ഥരുടെ അടക്കം നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇതിനകം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള്‍ അനിയന്ത്രിതമായി വര്‍ധിച്ചതോടെ സര്‍ക്കാരും കോര്‍പറേഷന്‍ അധികൃതരും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ ദുരിതത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരും മൊബൈല്‍ നമ്പറും ചേര്‍ത്ത് ഉത്തരവ് ഇറക്കിയത്. കൊറോണ രോഗികളായ മുസ്‌ലിംകള്‍ മരിച്ചാല്‍ ആശുപത്രി അധികൃതര്‍ പ്രാദേശിക പോലിസിനേയും മെഡിക്കല്‍ ഓഫിസറേയും ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നാല് കോര്‍ഡിനേറ്റര്‍മാരുടെ പേരും മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇഖ്ബാല്‍ ഖാന്‍, സയീദ് അഹമ്മദ്, സയീദ് ചൗധരി, സാദിഖ് ഖുറേഷി എന്നിവരുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, പോപുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സേവനത്തെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വര്‍ഗീയ ലക്ഷ്യത്തോടെ വിവാദമാക്കുകയായിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിനെതിരെ ട്വീറ്റ് ചെയ്തതോടെ ദേശീയ മാധ്യമങ്ങളും ഉത്തരവ് വാര്‍ത്തയാക്കി. ഇതോടെ വിശദീകരണവുമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ രംഗത്തെത്തി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു. രാജ്യം കൊറോണ വൈറസ് ഭീതിയില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളെ വിവാദമാക്കുന്നതിലൂടെ ബിജെപി എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം ജീവന്‍ പോലും അപകടത്തിലാവുന്നത് വകവയ്ക്കാതെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതിനെ പ്രശംസിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കുകയാണ് ബിജെപി. തങ്ങള്‍ മുംബൈയില്‍ മാത്രമല്ല, ദേശവ്യാപകമായി ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിവിധ ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ട് പോപുലര്‍ഫ്രണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്നു. പോപുലര്‍ ഫ്രണ്ടിന് അംഗീകാരം നല്‍കുന്നതാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിയെന്നാണ് ഫഡ്‌നാവിസിന്റെ വിമര്‍ശനം. എന്നാല്‍, ബിജെപി ഭരണം കയ്യാളുന്ന പൂനെ മുന്‍സിപ്പല്‍ കോര്‍പറേഷനിലും പോപുലര്‍ഫ്രണ്ട് അധികൃതരുടെ സഹകരണത്തോടെ സമാനമായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പൂനെയില്‍ അധികൃതരുടെയും ബന്ധുക്കളുടേയും ആവശ്യപ്രകാരം പോപുലര്‍ ഫ്രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ച് മരിച്ച 101 പേരുടെ മൃതദേഹമാണ് സംസ്‌കരിച്ചതെന്നും അനീസ് അഹമ്മദ് വ്യക്തമാക്കി.  

Tags: